ദൈവദശകം

1
ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളേ;
നാവികന്‍ നീ ഭവാബ്ധിക്കോ‌-
രാവിവന്‍തോണി നിന്‍പദം.

2
ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.
3
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.

4
ആഴിയും തിരയും കാറ്റും-
ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം.

5
നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി-
യ്ക്കുള്ള സാമഗ്രിയായതും

6
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെനീക്കി -
സ്സായൂജ്യം നല്‍കുമാര്യനും.

7
നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.

8
അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിയ്ക്കുക.

9
ജയിയ്ക്കുക മഹാദേവ,
ദീനവന പരായണാ,
ജയിയ്ക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിയ്ക്കുക.

10
ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.

(ഹ്രസ്വമെങ്കിലും അര്‍ത്ഥപുഷ്ടികൊണ്ട് വിശിഷ്ടമായ ഈ കൃതി ഡോ. പണിക്കര്‍ (ഇന്ത്യാഹെറിറ്റേജ്) കവിയരങ്ങില്‍ ശ്രദ്ധാപൂര്‍വ്വം പാരായണം ചെയ്തിരിക്കുന്നത് ഇവിടെ കേള്‍‍ക്കാം.

നമ്മുടെ കാലഘട്ടത്തിലെ സാധാരണ മലയാളം ഉപയോഗിക്കുന്ന ആളുകള്‍ക്ക് ഗുരുദേവന്റെ പല കൃതികളിലേയും ഭാഷാശൈലികളും പദപ്രയോഗവും ആശയക്കുഴപ്പം ഉണ്ടാക്കിയെന്നുവരാം. ഒറ്റനോട്ടത്തില്‍ വികലമെന്നു തോന്നാവുന്ന വരികള്‍ക്കിടയില്‍ പലപ്പോഴും നാം ഊഹിക്കാത്ത അര്‍ത്ഥങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ടാവാം. അതുകൊണ്ടു തന്നെ ലഭ്യമായ എല്ലാ പതിപ്പുകളും പരിശോധിച്ച് കൂടുതല്‍ മൌലികമാണെന്നു തോന്നുന്ന രൂപമാണ് തത്തമ്മ ഇവിടെ എഴുതിച്ചേര്‍ക്കുന്നത്. പ്രക്ഷിപ്തങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഇതുതന്നെയാണ് ശരിയായ രൂപമെന്ന് നിസ്സംശയം പറയാന്‍ തത്തമ്മയ്ക്കാവുന്നില്ല.

ദൈവദശകത്തിലെ ഒന്നാം ശ്ലോകത്തില്‍ “ഭവാബ്ധിയ്ക്കോ-രാവിവന്‍‍‌തോണി” എന്ന ഭാഗത്ത് “ആവി + വന്‍‌തോണി” എന്നാണോ അതോ അക്ഷരപ്പിശകില്ലാതെ “ആരിവന്‍? + തോണി” എന്നാണോ അതോ ഇനിയും മറ്റൊരു വിധത്തിലാണോ എന്ന് തത്തമ്മയ്ക്കും പൂര്‍ണ്ണനിശ്ചയമില്ല. അറിവുള്ളവര്‍ ആധികാരികമായ പ്രമാണങ്ങള്‍ ചൂണ്ടിക്കാണിച്ച് തിരുത്തിത്തന്നാല്‍ ഉപകാരം! -മേയ് 19, 2008)