നവമഞ്ജരി

(ശ്രീനാരായണഗുരു)


ശിശു നാമഗുരോരാജ്ഞാം കരോമി ശിരസാവഹന്‍
നവമഞ്ജരികാം ശുദ്ധീകര്‍ത്തുമര്‍ഹന്തി കോവിദാഃ

1
നാടീടുമീ വിഷയമോടീദൃശം നടനമാടീടുവാനരുതിനി-
ക്കാടീ വയോവിതരതീടീയിടയ്ക്കിവനു കൂടിയമായതിയലും
കാടീയുമീകരണമൂടിയെരിപ്പതിനൊരേടീകരിഞ്ഞ നിടില-
ച്ചൂടിദമീയ മയിലോടീടുവാനരുള്‍കമോടീയുതം മുരുകനേ!

2
രാപായില്‍ വീണുഴറുമാ പാപമീയരുതിരാപായിപോലെ മനമേ
നീ പാര്‍വതീതനയമാപാദചൂഡമണിമാപാദനായ നിയതം
പാപാടവീ ചുടുമിടാപായമീ മരുദിനോപാസനേന ചുഴയില്‍
തീപായുമാറുമധുനാപായമുണ്മതിനു നീ പാഹി മാമറുമുഖ!

3
യന്നായി വന്നരികില്‍ നിന്നായിരംകതിര്‍ പരന്നാഭയുള്ള വടിവേല്‍-
തന്നാലിവന്നരുള്‍ തരുന്നാകിലൊന്നു കുറയുന്നാമമൊന്നരുളു നീ
പുന്നാമതോയതിനി വന്നാകിലും മുരുക,നിന്നാമമൊന്നു പിടിവി-
ട്ടെന്നാകിലല്ല ഗതിയെന്നാലുമൊന്നുരുകിനിന്നാലവന്നതു മതു.

4
ണത്താരില്‍മാതണിയുമത്താമരക്കുസുമമൊത്താഭയുള്ളടികളെ-
ന്നുള്‍ത്താരിനുള്ളിലരികത്തായി വന്നമരവിത്തായ മൂലമുരുകാ,
മത്താപമൊക്കെയുമറുത്താശു മാമയിലിലൊത്താടി വല്ലിയൊടുമി-
മ്മത്താളടിച്ചു നിലയെത്താതെ നീന്തുമിവനെ സ്ഥായിയോടുമവ നീ.

5
കൃട്ടായി വന്ന നില വിട്ടോടി വന്നൊരു കുരുട്ടാവിയിങ്കലൊരു ക-
ണ്ണിട്ടാലുമപ്പൊഴുതിരുട്ടാറുമെന്തൊരു മിരട്ടാണൈതൊക്കെ മുരുകാ,
വിട്ടാലിവന്നൊരു വരട്ടാശു നീയതിനിട്ടാവി വന്നു മുടിവില്‍
പൊട്ടായി നിന്ന മലമുട്ടായ നീയവനമിട്ടാലുമിങ്ങു കൃപയാ.

6
തണ്ടാരില്‍മാനിനിയിലുണ്ടായ മാരനുമുരുണ്ടായിരം ചുവടിനു-
ള്ളുണ്ടാതിരിപ്പതിനു കണ്ടാലെവന്നു മനമുണ്ടാകയില്ല തവ മെയ്
തെണ്ടാതിരിപ്പവനിലുണ്ടാകയില്ല ശിതികണ്ഠാദി ദേവകൃപയും
വിണ്ടാവി നിന്നടിയനുണ്ടാകുമാറു കൃപയുണ്ടാകണം മുരുകനേ.

7
മഞ്ഞാവിതന്‍ കമനികുഞ്ഞായ നിന്‍ ചരണകഞ്ജായ വീണുപണിയു-
ന്നിഞ്ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്നറിവു കിം ഞായമീശതനയാ.
കിഞ്ജാതകം ബത! തിരിഞ്ഞാകിലൊന്നിഹ കനിഞ്ഞാലുമൊന്നടിയനില്‍
പിന്‍ ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്ന പദവുഞ്ജായതേ സഫലമായ്.

8
ജ്ഞപ്തിക്കു വന്നടിയനപ്തിങ്കള്‍ ചൂഡനൊടുസപ്തിക്കണഞ്ഞു മുറിയില്‍
ശബ്ദിച്ചിടാതഖിലദിക് തിങ്ങി നിന്നുവരുമബ്ധിക്കടുത്ത കൃപയാ
യുക്തിക്കടുക്കുമൊരു ശുക്തിട്ടു മട്ടുകളെയുക്തിപ്പറുത്തു പലരും
ധിക്തിഗ്മദീധിതി സുദൃക്‌തിക്കുമീ വ്യസനമുക്തിക്കു പാലയ വിഭോ!

9
രീണം മനം വിഷയബാണം വലിച്ചുഴറി നാണം കളഞ്ഞുതകി ന-
ല്ലോണം ഭവത്പദമൊരീണം വരാനരുള്‍ക വേണം ഷഡാനന, വരം
ഏണം പിടിച്ചവനൊടോണം കളിപ്പതിനു പോണം ഭവാനൊടുമഹം
കാണംബരത്തു പരിമാണം പിടിപ്പതിനു നീ നമ്മളോടുമൊരുനാള്‍

വിനായകാഷ്ടകം

(ശ്രീനാരായണഗുരു)

1
നമദ്ദേവൃന്ദം ലസദ്വേദകന്ദം
ശിരഃശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം
ബൃഹച്ചാരുതുന്ദം സ്‌തുതശ്രീസനന്ദം
ജടാഹീന്ദ്രകുന്ദം ഭജേ ऽ ഭീഷ്ടസന്ദം.

2
കിലദ്ദേവഗോത്രം കനദ്ധേമഗാത്രം
സദാനന്ദമാത്രം മഹാഭക്തമിത്രം
ശരച്ചന്ദ്രവക്ത്രം ത്രയീപൂതപാത്രം.
സമസ്‌താര്‍ത്തിദാത്രം ഭജേ ശക്തിപുത്രം.

3
ഗളദ്ദാനമാലം ചലദ്‌ഭോഗിമാലം
ഗളാമ്ഭോദകാലം സദാ ദാനശീലം
സുരാരാതികാലം മഹേശാത്മബാലം
ലസത്പുണ്‌ഡറഫാലം ഭജേ ലോകമൂലം.

4
ഉരസ്‌താരഹാരം ശരച്ചന്ദ്രഹീരം
സുരശ്രീവിചാരം ഹൃതാര്‍ത്താരിഭാരം
കടേ ദാനപൂരം ജടാഭോഗിപൂരം
കലാബിന്ദുതാരം ഭജേ ശൈവവീരം.

5
കരാരൂഢമോക്ഷം വിപദ്‌ഭങ്‌ഗദക്ഷം
ചലത്സാരസാക്ഷം പരാശക്തിപക്ഷം
ശ്രിതാമര്‍ത്ത്യവൃക്ഷം സുരാരിദ്രുതക്ഷം
പരാനന്ദപക്ഷം ഭജേ ശ്രീശിവാക്ഷം.

6
സദാശം സുരേശം സദാ പാതുമീശം
നിദാനോദ്ഭവം ശാങ്കരപ്രേമകോശം
ധൃതശ്രീനിശേശം ലസദ്ദന്തകോശം
ചലച്ചൂലപാശം ഭജേ കൃത്തപാശം.

7
തതാനേകസന്തം സദാ ദാനവന്തം
ബുധശ്രീകരന്തം ഗജാസ്യം വിഭാന്തം
കരാത്മീയദന്തം ത്രിലോകകൈകവൃന്തം
സുമന്ദം പരന്തം ഭജേ ऽ ഹം ഭവന്തം.

8
ശിവപ്രേമപിണ്‌ഡം പരം സ്വര്‍ണ്ണവര്‍ണ്ണം
ലസദ്ദന്തഖണ്‌ഡം സദാനന്ദപൂര്‍ണ്ണം
വിവര്‍ണ്ണപ്രഭാസ്യം ധൃതസ്വര്‍ണ്ണഭാണ്‌ഡം
ചലശാരുശുണ്‌ഡം ഭജേ ദന്തിതുണ്ഡം.

ശിവപ്രസാദ പഞ്ചകം

ശ്രീനാരായണഗുരു

1
ശിവ,ശങ്കര,ശര്‍വ,ശരണ്യ,വിഭോ,
ഭവസങ്കടനാശന, പാഹി ശിവ.
കവിസന്തതി സന്തതവും തൊഴുമെന്‍-
ഭവനാടകമാടുമരുമ്പൊരുളേ!

2
പൊരുളെന്നുമുടമ്പൊടു മക്കളുയിര്‍-
ത്തിരളെന്നുമിതൊക്കെയനര്‍ത്ഥകരം
കരളീന്നു കളഞ്ഞു കരുംകടലില്‍
പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ.

3
പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ-
ക്കുടിയില്‍ കുടികൊണ്ടു ഗുണങ്ങളൊടും
കുടികൊണ്ടുകുടിക്കുമരുംകുടിനീ-
രടിതട്ടിയകത്തു നിറഞ്ഞിരി നീ.

4
ഗളമുണ്ടു കറുത്തതു നീ ഗരളം
കളമുണ്ടതുകൊണ്ടു കൃപാനിധിയേ,
കളമുണ്ടൊരു കൊണ്ടലൊടൊത്ത കടല്‍
ക്കളവുണ്ടൊരു സീമ നിനക്കു നഹി.

5
കനിവെന്നിലിരുത്തിയനങ്ഗരസ-
ക്കനി തട്ടിയെറിഞ്ഞു കരം കഴുകി
തനി മുക്തി പഴുത്തു ചൊരിഞ്ഞൊഴുകും
കനകക്കൊടിയേ,കഴലേകുക നീ.

ചിദംബരാഷ്ടകം (ലിങ്ഗാഷ്ടകം)

(ശ്രീനാരായണഗുരു)

1

ബ്രഹ്മമുഖാമരവന്ദിതലിങ്ഗം
ജന്മജരാമരണാന്തകലിങ്ഗം
കര്‍മ്മനിവാരണകൌശലലിങ്ഗം
തന്മൃദു പാതു ചിദംബരലിങഗം

2
കല്പകമൂലപ്രതിഷ്ഠിതലിങ്ഗം
ദര്‍പ്പകനാശയുധിഷ്ഠിരലിങ്ഗം
കുപ്രകൃതിപ്രകാരാന്തകലിങ്ഗം
തന്മൃദു പാതു ചിദംബരലിങ്ഗം.

3
സ്ക്ന്ദഗണേശ്വരകല്പിതലിങ്ഗം
കിന്നരചാരണഗായകലിങഗം
പന്നഗഭൂഷണപാവനലിങ്ഗം
തന്മൃദു പാതു ചിദംബരലിങ്ഗം

4
സാംബസദാശിവശങ്കരലിങ്ഗം
കാമ്യവരപ്രദകോമളലിങ്ഗം
സാമ്യവിഹീനസുമാനസലിങ്ഗം
തന്മൃദു പാതു ചിദംബരലിങ്ഗം

5
കലിമലകാനനപാവകലിങ്ഗം
സലിലതരഗവിഭൂഷണലിങ്ഗം
പലിതപതംഗപ്രദീപകലിങ്ഗം
തന്‍മൃദു പാതു ചിദംബരലിങ്ഗം

6
അഷ്ടതനുപ്രതിഭാസുരലിങ്ഗം
വിഷ്ടപനാഥവികസ്വരലിങ്ഗം
ശിഷ്ടജനാവനശീലിതലിങ്ഗം
തന്മൃദു പാതു ചിദംബരലിങ്ഗം

7
അന്തകമര്‍ദ്ദനബന്ധുരലിങ്ഗം
കൃന്തിതകാമകളേബരലിങ്ഗം
ജന്തുഹൃദിസ്ഥിതജീവകലിങ്ഗം
തന്മൃദു പാതു ചിദംബരലിങ്ഗം

8
പുഷ്ടധിയസ്സ്യ്ചിദംബരലിങ്ഗം
ദൃഷ്ടമിദം മനസാനുപഠന്തി
അഷ്ടകമേതദവാങ്മനസീയം
അഷ്ടതനും പ്രതി യാന്തി നരാസ്‌തേ.

ശിവശതകം

(ശ്രീനാരായണഗുരു)

1
അഴകൊടു ഭാരതയുദ്ധമദ്രിയിന്മേല്‍
മുഴുചെവിയന്‍ മുറികൊമ്പുകൊണ്ടു മുന്നം
എഴുതിനിറച്ചെളിയോര്‍ക്കിണങ്ങി നില്‌ക്കും
മുഴുമുതലാകിയ മൂര്‍ത്തി കാത്തുകൊള്‍ക!

2
അരുമറ നാലുമൊരിക്കലോതി മുന്നം
കരിമുകില്‍ വര്‍ണ്ണനു പങ്കുചെയതു നല്‌കി
പരമതു വള്ളുവര്‍നാവിലും മൊഴിഞ്ഞു
പ്പരിമളഭാരതി കാത്തുകൊള്‍ക നിത്യം!

3
കനകമയില്‍മുകളേറി വേലുമേന്തി-
ക്കനിവൊടു കണ്ണിണ കണ്‍കണം നിറഞ്ഞു
ജനിമരണച്ചൂടുകാടിലാടി വെണ്ണി-
റണിതിരുമേനി തുണയ്‌ക്കണം സദാ മേ.

4
സനകസനന്ദസനത്‌കുമാര്‍ മുന്‍പാം
മുനിജനമോടുപദേശമോതി മുന്നം
കനിവൊടു തെക്കുമുഖം തിരിഞ്ഞു കല്ലാല്‍-
ത്തണലിലിരുന്നൊരു മൂര്‍ത്തി കാത്തുകൊള്‍ക!

5
ശിവ! ശിവ! നിന്‍ തിരുനാമമോര്‍ത്തു കണ്ടാ-
ലെവിടെയുമൊന്നുതിന്നു തുല്യമില്ല
ഇവ പലതുള്ളിലറിഞ്ഞിരുന്നുമീ ഞാ-
നിവിടെയിവണ്ണമലഞ്ഞിടുന്നു കഷ്ടം!

6
ഹരിഭഗവാനരവിന്ദസൂനുവും നിന്‍-
തിരുവിളയാടലറിഞ്ഞതില്ലയൊന്നും;
ഹര! ഹര! പിന്നെയിതാരറിഞ്ഞിടുന്നു
കരളിലിരുന്നു കളിച്ചിടുന്ന കോലം?

7
ചെറുപിറ ചെഞ്ചിടയിങ്കലാറുമേറും
തിറമിയലും ഫണിമാലയും ത്രിപുണ്‌ഡ്ര-
ക്കുറികളുമമ്മദനന്‍ ദഹിച്ച കണ്ണും
പുരികവുമെന്നുമെനിക്കു കാണണം തേ.

8
ദിനമണിതിങ്കളണിഞ്ഞ കണ്ണു രണ്ടും
മണിമയകുണ്ഡലകര്‍ണ്ണയുഗ്മവും തേ
കനകതിലക്കുസുമം കുനിഞ്ഞു കൂപ്പി-
ദ്ദിനമനുസേവകള്‍ ചെയ്തിടുന്ന മൂക്കും.

9
പഴവിനയൊക്കെയറുത്തിടുന്ന തൊണ്ടി-
പ്പഴമൊടു പോരിലെതിര്‍ത്തിടുന്ന ചുണ്ടും
കഴുകിയെടുത്തൊരു മുത്തൊടൊത്ത പല്ലും
മുഴുമതിപോലെ കവിള്‍ത്തടങ്ങളും തേ.

10
അമൃതൊഴുകും തിരമാലപോലെ തള്ളും
തിമൃതയുതത്തിരുവാക്കുമെന്‍ ചെവിക്ക്
കുമറിയെരിഞ്ഞുകുമിഞ്ഞെഴും മനത്തീ-
ക്കമൃതുചൊരിഞ്ഞതുപോലെയുള്ള നോക്കും.

11
കുവലയമൊക്കെ വിളങ്ങിടുന്ന പുത്തന്‍-
പവിഴമലയ്ക്കു മുളച്ചെഴും നിലാവും
തഴുവിന വെണ്മണിതാരകങ്ങളും നി-
ന്നൊഴിവറെ രക്ഷകള്‍ ചെയ്യുവാന്‍ തൊഴുന്നേന്‍.

12
അരവവുമെല്ലുമിടയ്ക്കിടയ്‌ക്കണിഞ്ഞും
കരിമുകില്‍ കണ്ടു കുനിഞ്ഞിടും കഴുത്തും
വരദമഭീതികുരംഗശൂലപാണി-
ത്തിരുമലര്‍നാലുമണിഞ്ഞു കാണണം തേ.

13
ഉരഗലസത്കൃതമാലമാല ചാര്‍ത്തി-
പ്പരിലസിതോരസി ഭൂരി ഭൂതി പൂശി,
പരിമളമുണ്ടു മുരണ്ടിടുന്ന വണ്ടിന്‍-
നിരകളൊടും തിരുമേനിയെന്നു കാണാം?

14
ഒഴുകിടുമംബരഗങ്ഗതന്റെ നീരില്‍-
ച്ചുഴിയൊടു തുല്യമുദിച്ചെഴുന്ന നാഭി-
ക്കുഴിയിലെഴുന്ന കളിന്ദകന്യ മേലോ-
ട്ടൊഴുകിടുമെന്നകണക്കു രോമരാജി.

15
തുടയിണതന്നിലുരിച്ച വാരണത്തോല്‍-
പ്പടയുടയാടയുടുത്തതിന്‍പുറത്ത്
പടമൊരു കൈയിലെടുത്തു വാലുമായി-
ക്കടിയില്‍ മുറുക്കിയ കാഞ്ചിയെന്നു കാണാം?

16
കരിയുരികെട്ടിയുടുത്തനന്തകച്ച-
പ്പുറമതു പൂട്ടിയലങ്കരിച്ചു പാമ്പും
പരിമളഭൂതി പൊതിഞ്ഞു പൂശിയന്തി-
ത്തിരുവിളയാടലിതെന്നു കാണുമീ ഞാന്‍?

17
മലരടി രണ്ടിലുമിട്ട പൂഞ്ചിലങ്ക-
ക്കുലകള്‍ കൊരുത്തു കളിച്ചിടുന്ന നേരം
കലകലയെന്നു കിലുങ്ങിടും ചിലമ്പി-
ന്നൊലി ചെവി രണ്ടിലുമെന്നു കേള്‍ക്കുമീ ഞാന്‍?

18
മുടിനടുവാദി മുടിഞ്ഞു മൂന്നുമൊന്നായ്
വടിവൊടുനിന്നു വിളങ്ങിടും വിളക്കിന്‍
ചുടരൊളി ചുട്ടു തുടച്ചു ശോകമാകും
കടലതുകൊണ്ടു കടന്നിടുന്നു കൂലം.

19
കുവലനായകനര്‍ക്കനഗ്നിഹോതാ-
വവനിതുടങ്ങിയ ഭൂതിയഞ്ചുമ്മിന്നീ
തവ മറിമായമിതാര്‍ക്കറിഞ്ഞിടാവൂ
കവിജനകല്പിതകാവ്യമെന്നപോലെ!

20
മതികല ചൂടിയ പൊന്‍ കുടം മതിക്കു-
ള്ളതിമൃദുകോമളനാടകം നടിപ്പാന്‍
കൊതി പെരുകുന്നതുകൊണ്ടു കണ്ടതെല്ലാ-
മുദിതമിതൊക്കെയുമങ്ങു ചേരുമല്ലോ!

21
ഭഗവതിയമ്മ പകുത്തു പാതി വാങ്ങി-
പ്പകുതി മുകുന്ദനു നല്കി മുന്നമേ നീ,
ഭഗവതി നിന്തിരുമേനിതന്നിലിന്നോ-
രഗതിയിരിപ്പതിനാഗ്രഹിച്ചിടുന്നു.

22
പശുപതി പാശമൊഴിച്ചു പാഹി മാമോ-
രശുഭമെനിക്കണയാത തക്കവണ്ണം
പിശിതമശിച്ചു പരുത്ത പിണ്ഡമോ ഞാ-
നശുചിയിതെന്നകതാരിലോര്‍ത്തിടാത്തൂ?

23
അതിസരണം വമി തന്നെ വന്നിതിന്നാ-
ളതിപരിദേവന ചെയ്തൊക്കെയും നിന്‍
മതിയിലറിഞ്ഞു. മറന്നു പിന്നെയും ഞാന്‍
ഗതിയറിയാതെ വലഞ്ഞിടുന്നു കഷ്ടം!

24
മലയതിലുണ്ടു മരുന്നു മൂന്നു പാമ്പും
പുലിയുമതിന്നിരുപാടുമുണ്ടും കാവല്‍
പുലയനെടുത്തു ഭുജിച്ചു പാതിയിന്നും
വിലസതി നീയുമെടുത്തുകൊള്‍ക നെഞ്ചേ!

25
ധരണിയിലിങ്ങനെ വാഴുവാനസഹ്യം
മരണവുമില്ല നമുക്കു പാര്‍ത്തുകണ്ടാല്‍
തരുണമിതെന്നു ധരിച്ചു താപമെല്ലാം
സ്‌മരഹര, തീര്‍ത്തെഴുനള്ളൂകെന്റെ മുമ്പില്‍.

26
വയറുപതപ്പതിനുണ്ടു കണ്ടതെല്ലാം
കയറി മറിഞ്ഞു മരിച്ചിടുന്നതിന്‍മുന്‍
ദയ തിരുമേനി മനസ്സിലോര്‍ത്തൂ ഭക്തി-
ക്കയറു കൊടുത്തു കരേറ്റണം മനം മേ.

27
അരുള്‍വടിവായൊരുപോല്‍ നിറഞ്ഞുനില്ക്കും
പരമശിവന്‍ ഭഗവാനരിഞ്ഞു സര്‍വ്വം
സുരനദി തിങ്കളനിഞ്ഞു ദൈവമേ! നിന്‍-
തിരുവടി നിത്യമനുഗ്രഹിച്ചിടേണം.

28
മുഴുമതിമൂടു തുരന്നു മുത്തെടുത്ത
ക്കുഴിയിലടച്ച കുരങ്ഗമുണ്ടു കൈയില്‍
തഴലൊരിയും പൊഴുതൂറി മൂലമോളം
പുഴയൊഴുകുന്നതു വാഴ്ക ഭൂവിലെന്നും.

29
ജനിമൃതിരോഗമറുപ്പതിന്നു സഞ്ജീ-
വനി പരമേശ്വരനാമമെന്നില്ല,
പുനരതുമൊക്കെ മറന്നു, പൂത്തുകായ്‌ക്കും
പുനകൃതികൊണ്ടു നിറഞ്ഞു ലോകമെല്ലാം.

30
നരഹരിമൂര്‍ത്തി നമിച്ചിടുന്ന നെറ്റി-
ത്തിരുമിഴിത്തന്നിലെരിച്ച മാരനിന്നും
വരുവതിനെന്തൊരു കാരണം പൊരിച്ചി-
ടെരിമിഴിതന്നിലിതൊന്നുകൂടെയിന്നും.

31
പറവകള്‍ പത്തുമറത്തുപറ്റി നില്ക്കും
കുറികളൊഴിച്ചു കരുത്തടക്കിയാടും
ചെറുമണി ചെന്നു ചെറുത്തു കാളനാഗം
നെറുകയിലാക്കിയൊളിച്ചിടുന്നു നിത്യം.

32
ശിവ!ശിവതത്ത്വമൊഴിഞ്ഞു ശക്തിയും നി-
ന്നവധി പറന്നൊഴിയാതെ നാദവും നിന്‍
സവനമതിന്നു സമിത്തതാക്കി ഹോമി-
പ്പവനിവനെന്നരുളീടുകപ്പനേ നീ.

33
ചെറുമയിര്‍തോലുന്‍പൊതിഞ്ഞു ചത്തുപോവാന്‍
വരവുമെടുത്തു വലത്തു വായുവിന്മേല്‍
ചരുകു ചുഴന്നു പറന്നിടുന്നവണ്ണം
തിരിയുമതിങ്ങുവരാതെ തീയിടേണം.

34
കരമുന ചെയ്തു കളിച്ചു കള്ളമെല്ലാം
കരളിലമര്‍ത്തിയൊരല്പനെക്കുറിച്ച്
കരുണയിരുത്തിയനുഗ്രഹിച്ചിടേണം
കരപെരുകിക്കവിയും സമുദ്രമേ! നീ.

35
തൊഴിലുകളഞ്ചുമൊഴിഞ്ഞു തോന്നിനില്‌ക്കും
മുഴുമതിയാഴി കടഞ്ഞെടുത്തു മുന്നം
ഒഴികിവരുന്നമൃതുണ്ടു മാണ്ടുപോകാ-
തൊഴിവിലൊടുക്കമുദിക്കുമര്‍ക്കബിംബം.

36
ഒരുവരുമില്ല നമുക്കു നീയൊഴിഞ്ഞി-
ങ്ങൊരു തുണ താണ്‌ഡവമൂര്‍ത്തി പാര്‍ത്തലത്തില്‍
സ്‌മരഹര! സാംബ! സദാപി നീ തെളിഞ്ഞി-
ങ്ങൊരു കൃപ നല്‌കുകിലെന്തു വേണ്ടു പിന്നേ?

37
ഉമയൊടു കൂടിയടുത്തു വന്നു വേഗം
മമ മതിമോഹമറുത്തു മെയ്‌കൊടുത്ത്
യമനുടെ കൈയിലകപ്പടാതെയെന്നും
സമനില തന്നു തളര്‍ച്ച തീര്‍ത്തിടേണം!

38
ചലമിഴിമാരുടെ ചഞ്ചു കണ്ടു നില്ക്കും
നില നിടിലത്തിരുനോക്കു വച്ചറുത്ത്
പല പല ലീല തുടര്‍ന്നിടാതെ പാലി-
ച്ചലിവൊടു നിന്‍ പദപങ്കജം തരേണം.

39
കടിയിടയിങ്കലൊളിച്ചിരുന്നു കൂടും
പൊടിയിലുരുണ്ടു പിരണ്ടു പോക്കടിപ്പാന്‍
അടിയനു സംഗതി വന്നിടാതിരുത്തി-
പ്പടിയരുളീടുക പാര്‍വ്വതീശ! പോറ്റി!

40
യമനൊടു മല്ലു പിടിപ്പതിന്നു നീതാ-
നിമയളവും പിരിയാതിരുന്നുകൊള്‍ക!
സുമശരസായകസങ്കടം സഹിപ്പാന്‍
നിമിഷവുമെന്നെയയയ്ക്കൊലാ മഹേശാ!

41
സുഖവുമൊരിക്കലുമില്ല ദുഃഖമല്ലാ-
തിഹപരലോകവുമില്ല തെല്ലുപോലും;
സകലമതിങ്ങനെ ശാസ്ത്രസമ്മേതം, ഞാന്‍
പകലിരവൊന്നുമറിഞ്ഞതില്ല പോറ്റി!

42
ഒരുകുറി നിന്‍ തിരുമേനി വന്നു മുന്നില്‍-
ത്തിരുമുഖമൊന്നു തിരിച്ചു നോക്കിയെന്നില്‍
പെരുകിന സങ്കടവന്‍കടല്‍ കടത്തി-
ത്തരുവതിനെന്നു തരം വരും ദയാലോ!

43
അവനിയിലഞ്ചുരുവപ്പില്‍ നാലുമഗ്നി-
ക്കിവയൊരുമൂന്നൊരു രണ്ടു കാറ്റില്‍ വാനില്‍
തവ വടിവൊന്നു തഴച്ചെഴുന്നു കാണ്മാ-
നെവിടെയുമുണ്ടു നിറഞ്ഞു നിന്നിടുന്നു.

44
മലമകളുണ്ടൊരുപാടു മാറിടാതെ
മുലകളുലഞ്ഞമൃതൂറി മോദമാകും
മലമുകളീന്നൊഴുകും പുഴയാഴിയെന്‍
തലവഴിയെന്നൊഴുകുന്നിതു ശങ്കരാ!

45
ഭസിതമണിഞ്ഞു പളുങ്കൊടൊത്തുനിന്നം-
ഭസി തലയില്‍ തിരമാ‍ല മാല ചൂടി
ശ്വസിതമശിക്കുലംകൃതികലാപി-
ച്ചസി തിരുമെനിയിരങ്ങവേണമെന്നില്‍.

46
അഹമൊരു ദോഷമൊരുത്തരോടു ചെയ്‌വാ-
നകമലരിങ്കലറിഞ്ഞിടാതവണ്ണം
സകലമൊഴിച്ചുതരേണമെന്നുമേ ഞാന്‍
ഭഗവദനുഗ്രഹപാത്രമായ്‌ വരേണം.

47
പുരഹര, പൂര്‍വ്വമിതെന്തു ഞാന്‍ പിഴച്ചി-
പ്പരവശഭാവമൊഴിഞ്ഞിടായ്‌വതിന്ന്?
പുരമെരിചെയ്‌തതുപോലെ ജന്മജന്മാ-
ന്തരവിനയൊക്കെയെരിക്കണം ക്ഷണം മേ.

48
സുമശരവേല തുരത്തിയോട്ടി നീതാ-
നമരണമെന്‍ മനതാരിലൊന്നുമെന്നില്‍
കുമതികുലം കൊലയാനപോലെ കുത്തി-
ത്തിമിരനിരയ്‌ക്കു തിമിര്‍ത്തിടാതിരിപ്പാന്‍.

49
ചുവയൊളിയൂറലൊഴിഞ്ഞു ശീതരശ്‌മി-
യ്‌ക്കവമതി ചെയ്‌വതിനുള്ള് നിന്‍ കടാക്ഷം
ഭവമൃതി മൂടുപറിഞ്ഞുപോകുമാറി-
ങ്ങിവനു തരേണ, മതിന്നു വന്ദനം തേ.

50
കരണവുമങ്ങു കുഴഞ്ഞു കണ്ണു രണ്ടും
ചെരുകിയിരുണ്ടു ചമഞ്ഞു ജീവനാശം
വരുമളവെന്നുമറിഞ്ഞുകൊള്ളുവാനും
ഹര!ഹര! നിന്‍ തിരുനാമമുള്ളില്‍ വേണം

51
ജയ ജയ ചന്ദ്രകലാധര! ദൈവമേ!
ജയ ജയ ജന്മവിനാശന! ശങ്കര!
ജയ ജയ ശൈലനിവാസ! സതാം പതേ!
ജയ ജയ പാലയ മാമഖിലേശ്വര!

52
ജയജിതകാമ! ജനാര്‍ദ്ദനസേവിത!
ജയ ശിവ! ശങ്കര! ശര്‍വ്വ! സനാതന!
ജയ ജയ മാരകളേബരകോമള!
ജയ ജയ സാംബ! സദാശിവ! പാഹി മാം.

53
കഴലിണകാത്തുകിടന്നു വിളിക്കുമെ-
ന്നഴലവിടുന്നറിയാതെയിരിക്കയോ?
പിഴ പലതുണ്ടിവനെന്നു നിനയ്‌ക്കയോ
കുഴിയിലിരുന്നു കരേറുവതെന്നു ഞാന്‍?

54
മഴമുകില്‍ വര്‍ണ്ണനുമക്ഷി പറിച്ചു നിന്‍-
കഴലിണ തന്നിലൊരര്‍ച്ചന ചെയ്‌തുപോല്‍
കഴി വരുമോയിതിനിന്നിടിയന്നു, നിന്‍-
മിഴിമുന നല്കിയനുഗ്രഹമേകണേ!

55
ഒഴികഴിവൊന്നു പറഞ്ഞൊഴിയാതെ നി-
ന്നഴലതിലിട്ടുരുകും മെഴുകെന്നപോല്‍
കഴലിണയിങ്കലടങ്ങുവതിന്നു നീ
വഴിയരുളീടുക വാമദേവ, പോറ്റി!

56
മലമുകളീന്നു വരുന്നൊരു പാറപോല്‍
മുലകുടി മാറിയ നാള്‍മുതല്‍ മാനസം
അലര്‍ശരസായകമല്ലുപിടിച്ചു നിന്‍
മലരടിയും ജഗദീശ! മറന്നു ഞാന്‍.

57
കുലഗിരിപോലെയുറച്ചിളകാതെയി-
ക്കലിമലമുള്ളിലിരുന്നു മറയ്‌ക്കയാല്‍
ബലവുമെനിക്ക് കുറഞ്ഞു ചമഞ്ഞു നിര്‍-
മ്മലനിലയെന്നു തരുന്നടിയന്നു നീ?

58
കുലവുമകന്നു കുടുംബവുമങ്ങനേ
മലയിലിരുന്നു മഹേശ്വരസേവനും
കലയതു കാലമനേകഭയം ഭവാന്‍
തലയില്‍ വിധിച്ചതു സമ്മതമായ് വരും.

59
വകയറിയാതെ വലഞ്ഞിടുമെന്നെ നീ
ഭഗവതിയോടൊരുമിച്ചെഴുനള്ളീവ-
ന്നകമുരുകും പടി നോക്കിടുകൊന്നു മാ-
മഘന്മൊരുനേരമടുത്തു വരാതിനി.

60
അരുവയര്‍തന്നൊടു കൂടിയോടിയാടി-
ത്തിരിവതിനിത്തിരി നേരവും നിനപ്പാന്‍
തരമണയാതെയുരുക്കിയെന്മനം നിന്‍-
തിരുവടിയോടൊരുമിച്ചു ചേര്‍ത്തിറ്റേണം.

61
ഒരുപിടിതന്നെ നമുക്കു നിനയ്‌ക്കിലി-
ത്തിരുവടിതന്നിലിതെന്നി മറ്റതെല്ലാം
കരളിലിരുന്നു കളഞ്ഞഖിലം നിറ-
ഞ്ഞിരിയിയെന്നരുളുന്നറിവെപ്പൊഴും.

62
കരമതിലുണ്ടു കരുത്തുമടക്കിനി-
ന്നരികിലിരുന്നു കളിപ്പതിനെന്നുമേ
വരമരുളുന്നതു വാരിധിയെന്നപോല്‍
കരുണ നിറഞ്ഞു കവിഞ്ഞൊരു ദൈവമേ!

63
പുരമൊരുമുന്നുമെരിച്ച പുരാതനന്‍
ഹരിഹരമൂര്‍ത്തി ജയിക്കണമെപ്പൊഴും
പുരിജട തന്നിലൊളിച്ചു കളിച്ചിടും
സുരനദി തൂകുമൊരീശ്വര! പാഹി മാം.

64
പരമൊരു തുമ്പമെനിക്കു ഭവാനൊഴി-
ഞ്ഞൊരുവരുമില്ല ദിഗംബര! നിന്‍പദം
തരണമെനിക്കതുകൊണ്ടഘമൊക്കെയും
തരണമഹങ്കരവാണി ഭവാര്‍ണ്ണവം.

65
മിഴികളില്‍ നിന്നൊഴുകുന്നമൃതത്തിര-
പ്പൊഴികളില്‍ വീണൊഴുകും പരമാഴിയില്‍
ചുഴികളില്‍ നിന്നു ചുഴന്നു ചുഴന്നു നിന്‍
കഴല്‍കളില്‍ വന്നണയുന്നതുമെന്നു ഞാന്‍?

66
മഴ പൊഴിയുന്നതുപോല്‍ മിഴിയിങ്കല്‍ നി-
ന്നൊഴുകിയൊലിച്ചുരുകിത്തിരുവുള്ളവും
പഴയൊരു ഭക്തജനം ഭവസാഗര-
ക്കുഴിയതില്‍ നിന്നു കടന്നു കശ്‌മലന്‍ ഞാന്‍.

67
വഴിയിലിരുന്നു വരുന്നു ബാധയെല്ലാ-
മൊഴിയണമെന്നൊരു നേരമെങ്കിലും മേ
മിഴികളില്‍ നിന്നമൃതൂറിയറിഞ്ഞു നിന്‍-
കഴലിണ കണ്ടു കളിപ്പതിനാഗ്രഹം.

68
പിന്‍ പലതുള്ളിലിരുന്നു പലപ്പൊഴും
ചുഴല്‍വതുകൊണ്ടു ശിവായ നമോസ്‌തു തേ
പഴി വരുമെന്നു നിനച്ചുരുകുന്നു ഞാ-
നഴലതിലിട്ടലിയുന്നൊരു വെണ്ണപോല്‍.

69
മിഴിമുനകൊണ്ടു മയക്കി നാ‍ഭിയാകും-
കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി
കിഴിയുമെടുത്തു വരുന്ന മങ്കമാര്‍തന്‍
വഴികളിലിട്ടു വലയ്‌ക്കൊലാ മഹേശാ!

70
തലമുടി കോതി മുടിഞ്ഞു തക്കയിട്ട-
ക്കൊലമദയാന കുലുങ്ങി വന്നു കൊമ്പും
തലയുമുയര്‍ത്തി വിയത്തില്‍ നോക്കിനില്ക്കും
മുലകളുമെന്നെ വലയ്‌ക്കൊലാ മഹേശാ!

71
കുരുവുകള്‍പോലെ കുരുത്തു മാര്‍വിടത്തില്‍
കരളു പറിപ്പതിനങ്ങു കച്ചകെട്ടി
തരമതു നോക്കിവരുന്ന തീവിനയ്‌ക്കി-
ന്നൊരുകുറിപോലുമയയ്‌ക്കൊലാ മഹേശാ!

72
കടലു ചൊരിഞ്ഞുകളഞ്ഞു കുപ്പകുത്തി-
ത്തടമതിലിട്ടു നിറച്ചു കുമ്മി നാറി
തടമുലയേന്തി വരുന്ന കൈവളപ്പെണ-
കൊടിയടിപാര്‍ത്തു നടത്തൊലാ മഹേശാ!

73
കുരുതി നിറഞ്ഞു ചൊരിഞ്ഞു ചീയൊലിക്കും
നരകനടുക്കടലില്‍ ഭ്രമിയാതെ, നിന്‍
ചരിതരസാമൃതമെന്നുടെമാനസേ
ചൊരിവതിനൊന്നു ചുളിച്ചു മിഴിക്കണം.

74
ശരണമെനിക്കു ഭവച്ചരണാംബുജം
നിരുപമനിത്യനിരാമയമൂര്‍ത്തിയേ!
നിരയനിരയ്‌ക്കൊരുനേരവുമെന്നെ നീ
തിരിയുവതിന്നൊരുനാളുമയയ്‌ക്കൊലാ.

75
പരമപാവന! പാഹി പുരാരയേ
ദുരിതനാ‍ശന! ധൂര്‍ജ്ജടയേ നമഃ
ചരണസാ‍രസയുഗ്മനിരീക്ഷണം
വരണതെന്നു വലാന്തകവന്ദിത!

76
സരസിജായതലോചന! സാദരം
സ്‌മരനിഷൂദന! മാമവ നീ പതേ!
കരുണ നിന്മനതാരിലുദിക്കണം
ഗിരിശ! മയ്യനുവാസരമെപ്പൊഴും.

77
പുതിയ പൂവു പറിച്ചു ഭവാനെ ഞാന്‍
മതിയിലോര്‍ത്തൊരു നേരവുമെങ്കിലും
ഗതിവരും പടി പൂജകള്‍ ചെയ്‌തതി-
ല്ലതിനുടെ പിഴയോയിതു ദൈവമേ!

78
പതിവതായിയൊരിക്കലുമെന്മനം
കുതിയടങ്ങിയിരിക്കയുമില്ലയേ!
മതിയുറഞ്ഞ ജടയ്‌ക്കന്ണിയുന്ന നീ-
രതിരഴിഞ്ഞൊഴുകീടിന മേനിയേ!

79
വിധി വരച്ചതു മാറിവരാന്‍ പണി
പ്രതിവിധിക്കുമകറ്റരുതായത്
ഇതി പറഞ്ഞുവരുന്നു മഹാജനം
മതിയിലൊന്നടിയന്നറിയാവതോ?

80
സ്‌തുതിപറഞ്ഞിടുമെങ്കിലനാരതം
മുദിതരാകുമശേഷജനങ്ങളും
അതുമിനിക്കരുതേണ്ടതില്‍നിന്നെഴും-
പുതയലും ബത! വേണ്ട ദയാനിധേ!

81
അതിരൊഴിഞ്ഞു കവിഞ്ഞൊഴുകുന്ന നി-
ന്നതിരസക്കരുണത്തിരമാലയില്‍
ഗതിവരുമ്പടി മുങ്ങിയെഴുന്നു നി-
ല്‌പതിനു നീയരുളേണമനുഗ്രഹം.

82
കുമുദിനിതന്നിലുദിച്ചു കാലുവീശി-
സ്സുമശരസാരഥിയായ സോമനിന്നും
കിമപി കരങ്ങള്‍ കുറഞ്ഞു കാലുമൂന്നി-
ത്തമസി ലയിച്ചു തപസ്സു ചെയ്തിടുന്നു.

83
കലമുഴുവന്‍ തികയും പൊഴുതായ്‌വരും
വിലയമെന്നകതാരില്‍ നിനയ്‌ക്കയോ?
അലര്‍ശരമൂലവിരോധിയതായ നിന്‍
തലയിലിരുന്നു തപിക്കരുതിന്നിയും.

84
അലയൊരു കോടിയലഞ്ഞു വരുന്നതും
തലയിലിണിഞ്ഞു തഴച്ചു സദായ്‌പൊഴും
നിലയിളകാതെ നിറഞ്ഞു ചിദംബര-
സ്ഥലമതിലെപ്പൊഴുമുള്ളവനേ! നമഃ

85
മലമുകളേറി വധിച്ചു മൃഗങ്ങള്‍തന്‍
തൊലികളുരിച്ചു തരുന്നതിനിന്നിവന്‍
അലമലമെന്നു നിനച്ചെഴുനള്ളിയാല്‍
പല ഫലിതങ്ങള്‍ പറഞ്ഞു ചിരിക്കുമോ?

86
നിലയനമേറി ഞെളിഞ്ഞിരുന്നിവണ്ണം
തലയണപോലെ തടിച്ചു തീറ്റി തിന്ന്
തുലയണമെന്നു പുരൈവ ഭവാനുമെന്‍
തലയില്‍ വരച്ചതിതെന്തൊരു സങ്കടം!

87
കലിപുരുഷന്‍ കടുവാ പിടിപ്പതിന്നായ്
മലയിലിരുന്നു വരുന്നവാറുപോലെ
കലിയുഗമിന്നിതിലെങ്ങുമുണ്ടു കാലം
തലയുമറുത്തു കരസ്ഥമാക്കുവാനായ്.

88
മലര്‍മണമെന്നകണക്കു മൂന്നുലോക-
ത്തിലുമൊരുപോലെ പരന്നു തിങ്ങിവീശി
കലശലജലപ്രെതിബിംബനഭസ്സുപോല്‍
പലതിലുമൊക്കെ നിറഞ്ഞരുളേ! ജയ.

89
മലജലമുണ്ടൊരുപാടു നിറഞ്ഞു മു-
മ്മലമതില്‍ മുങ്ങി മുളച്ചുളവാകുവാന്‍
വിളനിലമങ്ങു വിതച്ചു പഴുത്തറു-
ത്തുലകര്‍ ഭുജിച്ചലയുന്നതു സങ്കടം.

90
പലിതജരാമരണങ്ങള്‍ പലപ്പൊഴും
പുലിയതുപോലെ വരുന്നു പിടിക്കുവാന്‍
പൊലിവിതിനെന്നു വരും ഭഗവാനുടെ
കളിയിവയൊക്കെയനാദിയതല്ലയോ?

91
ചില സമയംശിവസേവ മുഴുക്കയാ-
ലിളകരുതാതെയിരുന്നലിയും മനം
പല പൊഴുതും ഭഗവാനുടെ മായയില്‍
പലകുറിയിങ്ങനെതന്നെയിരിക്കയോ?

92
അപജയമൊന്നു മെനിക്കണയാതിനി-
ത്തപസി നിരന്തരമെന്മലമൊക്കെയും
സപദി ദഹിച്ചു സുഖം തരുവാനുമെന്‍-
ജപകുസുമത്തിരുമേനി ജയിക്കണം.

93
അവമതി ചെയ്തു തഴച്ചു കാടുതന്നില്‍
ഭവമൃതിവിത്തുമുളച്ചു മൂടുമൂന്നി
ഭുവനമതിങ്കലിരുന്നു മണ്ണു തിന്നും
ശവമെരി തിന്നുവതോ, നരിക്കൊരൂണോ?

94
ജനകനുമമ്മയുമാത്മസഖിപ്രിയ-
ജനവുമടുത്തയല്‍ വാസികളും വിനാ
ജനനമെടുത്തു പിരിഞ്ഞിടുമെപ്പൊഴും
തനിയെയിരിപ്പതിനേ തരമായ് വരൂ.

95
അണയലിരുന്നരുളീടുമനുഗ്രഹം
ദിനമണി ചൂടിയ തമ്പുരാനിതൊന്നും
അനുവളവും പിരിയാതെയിരിക്കുമെന്‍
മണികള്‍ നമുക്കു വരും പിണി തീര്‍ത്തിടും.

96
പിണിയിനിക്കണയാതെയിനിത്തിരു-
പ്പണിവിടയ്`ക്കൊരു ഭക്തിയുറയ്‌ക്കണം
തണലിലിരുന്നരുളുന്നതു ചെഞ്ചിടാ-
യ്‌ക്കണിയുമംബരഗംഗയുടേ തിര.

97
അണിമുടിക്കണിയും തിരമാലയില്‍
തണിയുമെന്‍ വ്യസനങ്ങളെതൊക്കെയും
പണിയറുപ്പതിനെപ്പൊഴുമത്തിരു-
ക്കണികള്‍ കാട്ടുക കാമവിനാശന!

98
പണിയുമപ്‌ഫണിമാല പിരിച്ചുചേര്‍-
ത്തണിയുമച്ചിടയാടിവരുന്ന നി-
നണിമുഖാംബുജമക്ഷികള്‍ കൊണ്ടിനി-
ക്കണിയണം കരുണാകലശാംബുധേ!

99
അമരവാഹിനി പൊങ്ങിവരും തിര-
യ്‌ക്കമരമെന്നകണക്കു പടങ്ങളും
സമരത്തില്‍ വിരിച്ചരവങ്ങളോ-
ടമരുമച്ചിടയാടിയടുക്കണം.

100
കുളിര്‍മതികൊണ്ടു കുളിര്‍ത്തു ലോകമെല്ലാ-
മൊളിതിരളൂന്നൊരു വെണ്ണിലാവു പൊങ്ങി
തെളുതെളെ വീശിവിളങ്ങി ദേവലോക-
ക്കുളമതിലാമ്പല്‍ വിരിഞ്ഞുകാണണം മേ!

ഈശാവാസ്യോപനിഷത്

“ഈശാവാസ്യമിദം സര്‍വ്വം...” എന്നു തുടങ്ങുന്ന വിഖ്യാതമായ ഈശാവാസ്യോപനിഷത്തിന്റെ ശ്രീനാരായണഗുരു തര്‍ജ്ജമ ചെയ്ത മലയാളരൂപമാണു് ഇതു്.
തെറ്റുകള്‍ ദയവായി കമന്റിലൂടെ ചൂണ്ടിക്കാണിക്കുക. മലയാളം വിക്കിസോഴ്സില്‍ ചേര്‍ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അങ്ങനെയുമാവാം.


1
ഈശന്‍ ജഗത്തിലെല്ലാമാ-
വസിക്കുന്നതുകൊണ്ടു നീ
ചരിക്ക മുക്തനായാശി
ക്കരുതാരുടെയും ധനം.

2
അല്ലെങ്കിലന്ത്യം വരെയും
കര്‍മ്മം ചെയ്തിങ്ങസങ്ഗനായ്
ഇരിക്കുകയിതല്ലാതി-
ല്ലൊന്നും നരനു ചെയ്തിടാന്‍.

3
ആസുരം ലോകമൊന്നുണ്ട്
കൂരിരുട്ടാലതാവൃതം
മോഹമാര്‍ന്നാത്മഹന്താക്കള്‍
പോകുന്നു മൃതരായതില്‍.

4
ഇളകാതേകമായേറ്റം
ജിതമാനസവേഗമായ്
മുന്നിലാമതിലെത്താതെ
നിന്നുപോയിന്ദ്രിയാവലി.

5
അതു നില്ക്കുന്നു പോകുന്നി-
തോടുമന്യത്തിനപ്പുറം
അതിന്‍ പ്രാണസ്പന്ദനത്തി-
ന്നധീനം സര്‍വകര്‍മ്മവും.

6
അതു ലോലമതലോല-
മതു ദൂരമതന്തികം
അതു സര്‍വ്വാന്തരമതു
സര്‍വത്തിന്നും പുറത്തുമാം.

7
സര്‍വഭൂതവുമാത്മാവി-
ലാത്മാവിനെയുമങ്ങനെ
സര്‍വഭൂതത്തിലും കാണു-
മവനെന്തുള്ളു നിന്ദ്യമായ്?

8
തന്നില്‍ നിന്നന്യമല്ലാതെ-
യെന്നു കാണുന്നു സര്‍വവും
അന്നേതു മോഹമന്നേതു
ശോകമെകത്വദൃക്കിന്?

9
പങ്കമറ്റംഗമില്ലാതെ
പരിപാവനമായ് സദാ
മനസ്സിന്മനമായ് തന്നില്‍
തനിയേ പ്രോല്ലസിച്ചിടും.

10
അറിവാല്‍ നിറവാര്‍ന്നെല്ലാ-
മറിയും പരദൈവതം
പകുത്തു വെവ്വേറായ് നല്‍ക്കീ
മുന്‍പോലി വിശ്വമൊക്കെയും.

11
അവിദ്യയെയുപാസിക്കു-
ന്നവരന്ധതമസ്സിലും
പോകുന്നു വിദ്യാരതര-
ങ്ങതേക്കാള്‍ കൂരിരുട്ടിലും.

12
അവിദ്യകൊണ്ടുള്ളതന്യാ
വിദ്യകൊണ്ടുള്ളതന്യമാം
എന്നു കേള്‍ക്കുന്നിതോതുന്ന
പണ്ഡിതന്മാരില്‍നിന്നു നാം.

13
വിദ്യാവിദ്യകള്‍ രണ്ടും ക-
ണ്ടറിഞ്ഞവരവിദ്യയാല്‍
മൃത്യുവെത്തരണം ചെയ്തു
വിദ്യയാലമൃതാര്‍ന്നിടും.

14
അസംഭൂതിയെയാരാധി-
പ്പവരന്ധതമനസ്സിലും
പോകുന്നു സംഭൂതിരത-
രതേക്കാള്‍ കൂരിരുട്ടിലും.

15
സംഭൂതികൊണ്ടുള്ളതന്യ-
മസംഭൂതിജമന്യമാം
എന്നു കേള്‍ക്കുന്നിതോതുന്ന
പണ്ഡിതന്മാരില്‍നിന്നു നാം.

16
വിനാശംകൊണ്ടു മൃതിയെ-
ക്കടന്നമൃതമാം പദം
സംഭൂതികൊണ്ടു സം പ്രാപി-
ക്കുന്നു രണ്ടുമറിഞ്ഞവര്‍.

17
മൂടപ്പെടുന്നു പൊന്‍പാത്രം-
കൊണ്ടു സത്യമതിന്‍ മുഖം
തുറക്കുകതു നീ പൂഷന്‍!
സത്യധര്‍മ്മന്നു കാണുവാന്‍.

18
പിറന്നാദിയില്‍ നിന്നേക-
നായി വന്നിങ്ങു സൃഷടിയും
സ്ഥിതിയും നാശവും ചെയ്യും
സൂര്യ! മാറ്റുക രശ്മിയെ.

19
അടക്കുകിങ്ങു കാണ്മാനായ്
നിന്‍ കല്ല്യ്യാണകളേബരം
കണ്ടുകൂടാത്തതായ് കണ്ണു-
കൊണ്ടു കാണപ്പെടുന്നതായ്.

20
നിന്നില്‍ നില്‍ക്കുന്ന പുരുഷാ-
കൃതിയേതാണതാണു ഞാന്‍;
പ്രാണന്‍ പോമന്തരാത്മാവില്‍;
പിന്‍പു നീറാകുമീയുടല്‍.

21
ഓമെന്നു നീ സ്മരിക്കാത്മന്‍!
കൃതം സര്‍വ്വം സ്മരിക്കുക
അഗ്നേ! ഗതിക്കായ് വിടുക
സന്മാര്‍ഗ്ഗത്തൂടെ ഞങ്ങളെ.

22
ചെയ്യും കര്‍മ്മങ്ങളെല്ലാവു-
മറിഞ്ഞീടുന്ന ദേവ! നീ
വഞ്ചനം ചെയ്യുമേനസ്സു
ഞങ്ങളില്‍ നിന്നു മാറ്റുക.

അങ്ങേയ്ക്കു ഞങ്ങള്‍‍ ചെയ്യുന്നു
നമോവാകം മഹത്തരം.