പിണ്ഡനന്ദി

ഗര്‍ഭത്തില്‍ വെച്ചു ഭഗവാനടിയന്റെ പിണ്ഡ-
മെപ്പേരുമമ്പൊടു വളര്‍‍ത്ത കൃപാലുവല്ലീ
കല്‍പ്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-
ട്ടര്‍പ്പിച്ചിടുന്നവിടെയൊക്കെയുമങ്ങുശംഭോ!

മണ്ണും ജലം കനലുമംബരമോടു കാറ്റു-
മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി
ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കല്‍ നിന്നെന്‍
പിണ്ഡത്തിനന്നമൃതു നല്‍കി വളര്‍ത്ത ശംഭോ!

കല്ലിന്നകത്തുകുടിവാഴുമൊരല്‍പ്പജന്തു-
വൊന്നല്ല നിന്റെ കൃപയിന്നറിയിച്ചിടുന്നു;
അല്ലിക്കുടത്തിലമരുന്നമരേന്ദ്രനും മ-
റ്റെല്ലാരുമിങ്ങിതിലിരുന്നു വളര്‍ന്നിടുന്നു.

ബന്ധുക്കളില്ല ബലവും ധനവും നിനയ്ക്കി-
ലെന്തൊന്നുകൊണ്ടിതുവളര്‍ന്നതഹോ വിചിത്രം!
എന്‍ തമ്പുരാന്റെ കളിയൊക്കെയിതെന്നറിഞ്ഞാ-
ലന്ധത്വമില്ലിതിനു നീയരുളീടു ശംഭോ!

നാലഞ്ചുമാസമൊരുപോല്‍ നയനങ്ങള്‍‍ വെച്ചു
കാലന്റെ കയ്യിലണയാതെ വളര്‍ത്തി നീയേ
കാലം കഴിഞ്ഞു കരുവിങ്കലിരുന്നു ഞാന-
ക്കാലം നിനച്ചു കരയുന്നിതു കേള്‍ക്ക ശംഭോ!

രേതസ്സു തന്നെയിതു രക്തമൊടും കലര്‍ന്നു
നാദം തിരണ്ടുരുവതായ് നടുവില്‍ക്കിടന്നേന്‍
മാതാവുമില്ലവിടെയന്നു പിതാവുമില്ലെന്‍
താതന്‍ വളര്‍ത്തിയവനാണിവനിന്നു ശംഭോ!

അന്നുള്ള വേദന മറന്നതു നന്നുണര്‍ന്നാ-
ലിന്നിങ്ങുതന്നെരിയില്‍ വീണു മരിക്കുമയ്യോ!
പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു
തന്നിട്ടു തന്നെയിതുമിന്നറിയുന്നു ശംഭോ!

എന്‍‌ തള്ളയെന്നെയകമേ ചുമടായ് കിടത്തി
വെന്തുള്ളഴിഞ്ഞു വെറുതേ നെടുവീര്‍പ്പുമിട്ടു
നൊന്തിങ്ങുപെറ്റു നരിപോലെ കിടന്നു കൂവു-
ന്നെന്താവതിങ്ങടിയനൊന്നരുളീടു ശംഭോ!

എല്ലാമറിഞ്ഞു ഭഗവാനിവനിന്നെടുത്തു
ചൊല്ലേണമോ ദുരിതമൊക്കെയകറ്റണേ നീ!
ഇല്ലാരുമിങ്ങടിയനങ്ങൊഴിയുന്നുവെങ്കി-
ലെല്ലാം കളഞ്ഞെരുതിലേറി വരുന്ന ശംഭോ!

5 comments:

  കാളിയമ്പി

Monday, May 26, 2008 4:04:00 AM

“പിണ്ഡനന്ദി“ എന്നാണ് വായിച്ചിരിയ്ക്കുന്നത്.

ആദ്യ ശ്ലോകത്തിന്റെ അവസാന വരിയില്‍

“കല്‍പ്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-
ട്ടര്‍പ്പിച്ചിടുന്നവിടെയൊക്കെയുമങ്ങുശംഭോ!“

എന്നത്
“ട്ടര്‍പ്പിച്ചിടുന്നടിയനൊക്കെയുമങ്ങു ശംഭോ”

എന്ന് നാരായണ ഗുരുകുലം ഇറക്കിയ വ്യാഖ്യാനത്തിലും (മുനി നാരായണ പ്രസാദ്), ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇറക്കിയ വ്യാഖ്യാനത്തിലും (പ്രൊഫ:ജീ.ബാലകൃഷ്ണന്‍ നായര്‍)കാണുന്നു.

  തത്തമ്മ

Monday, May 26, 2008 6:01:00 AM

അമ്പി, നന്ദി!

പിണ്ഡനന്ദി എന്നു തന്നെയാണ്. ടൈപ്പിങ്ങിലെ അബദ്ധം കാണാതെപോയതാണ്.

നാലാംവരിയില്‍ രണ്ടുതരത്തിലായാലും അര്‍ത്ഥവ്യത്യാസമുണ്ടാകില്ലെന്നു തോന്നുന്നു. രണ്ടും കണ്ടിട്ടുണ്ട്. മാതൃഭൂമിയുടെ പതിപ്പില്‍ കണ്ടത് ഇങ്ങനെയാണ് -
“ട്ടര്‍പ്പിച്ചിടുന്നവിടെയൊക്കെയുമങ്ങുശംഭോ!“. കാവ്യലക്ഷണം വെച്ചും അതിനാണു പ്രയോഗസാധുത കൂടുതല്‍ തോന്നിയത്.

പതിവായി ഇങ്ങനെ പരിശോധിച്ചു തിരുത്തിത്തരുന്നതിനു പ്രത്യേകം നന്ദിയുണ്ട്.

  കാളിയമ്പി

Monday, May 26, 2008 5:08:00 PM

നന്ദി തിരിച്ചാണ് ഉണ്ടാകേണ്ടത്. ഇതിങ്ങനെ യൂണീകോഡിലാക്കുന്നതിന്.സ്ഥിരോത്സാഹത്തോടെ.
ഈ ബ്ലൊഗിലെ ആദ്യ പോസ്റ്റുകളൊക്കെ വായിയ്ക്കുമ്പോള്‍ ശ്രീനാരായണ ഗുരുവിനെപ്പറ്റി ഗുരു നിത്യയും മറ്റുമെഴുതിയ കാര്ര്യങ്ങളും ചുരുക്കം ചില അറിവുകളും മാത്രമേ ഉണ്ടായിരുന്നൂള്ളൂ.പിന്നീട് ദൈവാദശകവും ജാതിനിര്‍ണ്ണയവുമടക്കം ചില പദ്യങ്ങള്‍ മ്യൂസിക് ഇന്‍ഡ്യാ ഓന്‍ലൈനില്‍ നിന്നും കേട്ടു.പിന്നീട് ഗുരുവരുളുകള്‍ അല്‍പ്പം പഠിയ്ക്കാന്‍ ഒരു ഭാഗ്യമുണ്ടയി.അതോടെ മഹാഭാഗ്യം. നന്ദി..അതിനൊക്കെ ഒരു കാരണമായതിന്.

  Anonymous

Wednesday, June 11, 2008 10:57:00 AM

ശ്രീ നാരായണ ഗുരു ബിംബാരാധനയ്ക്ക്‌ എതിരായിരുന്നു വെന്ന് വായിച്ചിട്ടുണ്ട്‌ ( പുസ്തകത്തിന്റെ പേരു ഓര്‍ക്കുന്നില്ല ) .
ഇപ്പോള്‍ അദ്ധേഹത്തിന്റെ ബിംബം ഉണ്ടാക്കി പൂജിക്കുന്നു അനുയായികള്‍.. ഇതിനെ കുറിച്ച്‌ വല്ലതും അറിയുമോ ?

  വിപിന്‍

Wednesday, October 15, 2008 11:13:00 PM

തത്തമ്മേ...
ശുഭചിന്തകളുടെ സുഗന്ധവുമായി ഞാനൊരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്
ഒന്നു കാണാമോ...
അഭിപ്രാ‍യം കുറിക്കാമോ..
http://chinthasurabhi.blogspot.com/