ജാതിനിര്‍ണ്ണയം

1
മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്ത്യേസ്യൈവം
ഹാ!തത്ത്വം വേത്തി കോऽപി ന.

2
ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരം
ഒരു ഭേദവുമില്ലതില്‍.

3
ഒരു ജാതിയില്‍ നിന്നല്ലോ
പിറന്നീടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോ-
ളൊരു ജാതിയിലുള്ളതാം.

4
നരജാതിയില്‍ നിന്നത്രേ
പിറന്നീടുന്നു വിപ്രനും
പറയന്‍ താനുമെന്തുള്ള-
തന്തരം നരജാതിയില്‍?

5
പറച്ചിയില്‍ നിന്നു പണ്ടു
പരാശരമഹാമുനി
പിറന്നു മറ സൂത്രിച്ച മുനി
കൈവര്‍ത്തകന്യയില്‍

6
ഇല്ല ജാതിയിലൊന്നുണ്ടോ
വല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തി-
ലല്ലോ ഭേദമിരുന്നിടൂ.

(1914ല്‍ എഴുതിയത്. അഞ്ചു പദ്യങ്ങളിലുള്ള “ജാതിനിര്‍ണ്ണയം” കേരളത്തിന്റെ പില്‍ക്കാലസാമൂഹ്യപരിവര്‍ത്തനത്തില്‍ നിസ്സാരമല്ലാത്ത സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതിലെ ആറാമത്തെപദ്യം ചില പതിപ്പുകളില്‍‍ ഉണ്ടെങ്കിലും ഗുരുദേവന്‍ തന്നെ പിന്നീട് വിട്ടുകളഞ്ഞതായി കരുതുന്നു.)