ഗര്‍ഭത്തില്‍ വെച്ചു ഭഗവാനടിയന്റെ പിണ്ഡ-
മെപ്പേരുമമ്പൊടു വളര്‍ത്ത കൃപാലുവല്ലീ
കല്‍പ്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-
ട്ടര്‍പ്പിച്ചിടുന്നവിടെയൊക്കെയുമങ്ങുശംഭോ!
മണ്ണും ജലം കനലുമംബരമോടു കാറ്റു-
മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി
ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കല്‍ നിന്നെന്‍
പിണ്ഡത്തിനന്നമൃതു നല്‍കി വളര്‍ത്ത ശംഭോ!
കല്ലിന്നകത്തുകുടിവാഴുമൊരല്‍പ്പജന്തു-
വൊന്നല്ല നിന്റെ കൃപയിന്നറിയിച്ചിടുന്നു;
അല്ലിക്കുടത്തിലമരുന്നമരേന്ദ്രനും മ-
റ്റെല്ലാരുമിങ്ങിതിലിരുന്നു വളര്‍ന്നിടുന്നു.
ബന്ധുക്കളില്ല ബലവും ധനവും നിനയ്ക്കി-
ലെന്തൊന്നുകൊണ്ടിതുവളര്‍ന്നതഹോ വിചിത്രം!
എന്‍ തമ്പുരാന്റെ കളിയൊക്കെയിതെന്നറിഞ്ഞാ-
ലന്ധത്വമില്ലിതിനു നീയരുളീടു ശംഭോ!
നാലഞ്ചുമാസമൊരുപോല്‍ നയനങ്ങള്‍ വെച്ചു
കാലന്റെ കയ്യിലണയാതെ വളര്‍ത്തി നീയേ
കാലം കഴിഞ്ഞു കരുവിങ്കലിരുന്നു ഞാന-
ക്കാലം നിനച്ചു കരയുന്നിതു കേള്‍ക്ക ശംഭോ!
രേതസ്സു തന്നെയിതു രക്തമൊടും കലര്‍ന്നു
നാദം തിരണ്ടുരുവതായ് നടുവില്‍ക്കിടന്നേന്‍
മാതാവുമില്ലവിടെയന്നു പിതാവുമില്ലെന്‍
താതന്‍ വളര്‍ത്തിയവനാണിവനിന്നു ശംഭോ!
അന്നുള്ള വേദന മറന്നതു നന്നുണര്‍ന്നാ-
ലിന്നിങ്ങുതന്നെരിയില്‍ വീണു മരിക്കുമയ്യോ!
പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു
തന്നിട്ടു തന്നെയിതുമിന്നറിയുന്നു ശംഭോ!
എന്‍ തള്ളയെന്നെയകമേ ചുമടായ് കിടത്തി
വെന്തുള്ളഴിഞ്ഞു വെറുതേ നെടുവീര്‍പ്പുമിട്ടു
നൊന്തിങ്ങുപെറ്റു നരിപോലെ കിടന്നു കൂവു-
ന്നെന്താവതിങ്ങടിയനൊന്നരുളീടു ശംഭോ!
എല്ലാമറിഞ്ഞു ഭഗവാനിവനിന്നെടുത്തു
ചൊല്ലേണമോ ദുരിതമൊക്കെയകറ്റണേ നീ!
ഇല്ലാരുമിങ്ങടിയനങ്ങൊഴിയുന്നുവെങ്കി-
ലെല്ലാം കളഞ്ഞെരുതിലേറി വരുന്ന ശംഭോ!
പിണ്ഡനന്ദി
Posted by തത്തമ്മ Sunday, May 25, 2008 at 5/25/2008 04:18:00 AM
5 comments Labels: പിണ്ഡനന്ദി, ശ്രീനാരായണഗുരു
ജാതിനിര്‍ണ്ണയം
Posted by തത്തമ്മ Saturday, May 24, 2008 at 5/24/2008 10:30:00 PM
1
മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്ത്യേസ്യൈവം
ഹാ!തത്ത്വം വേത്തി കോऽപി ന.
2
ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരം
ഒരു ഭേദവുമില്ലതില്‍.
3
ഒരു ജാതിയില്‍ നിന്നല്ലോ
പിറന്നീടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോ-
ളൊരു ജാതിയിലുള്ളതാം.
4
നരജാതിയില്‍ നിന്നത്രേ
പിറന്നീടുന്നു വിപ്രനും
പറയന്‍ താനുമെന്തുള്ള-
തന്തരം നരജാതിയില്‍?
5
പറച്ചിയില്‍ നിന്നു പണ്ടു
പരാശരമഹാമുനി
പിറന്നു മറ സൂത്രിച്ച മുനി
കൈവര്‍ത്തകന്യയില്‍
6
ഇല്ല ജാതിയിലൊന്നുണ്ടോ
വല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തി-
ലല്ലോ ഭേദമിരുന്നിടൂ.
(1914ല്‍ എഴുതിയത്. അഞ്ചു പദ്യങ്ങളിലുള്ള “ജാതിനിര്‍ണ്ണയം” കേരളത്തിന്റെ പില്‍ക്കാലസാമൂഹ്യപരിവര്‍ത്തനത്തില്‍ നിസ്സാരമല്ലാത്ത സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതിലെ ആറാമത്തെപദ്യം ചില പതിപ്പുകളില്‍ ഉണ്ടെങ്കിലും ഗുരുദേവന്‍ തന്നെ പിന്നീട് വിട്ടുകളഞ്ഞതായി കരുതുന്നു.)
ദൈവദശകം
Posted by തത്തമ്മ Wednesday, December 06, 2006 at 12/06/2006 03:55:00 PM
1
ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളേ;
നാവികന്‍ നീ ഭവാബ്ധിക്കോ-
രാവിവന്‍തോണി നിന്‍പദം.
2
ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.
3
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.
4
ആഴിയും തിരയും കാറ്റും-
ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം.
5
നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി-
യ്ക്കുള്ള സാമഗ്രിയായതും
6
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെനീക്കി -
സ്സായൂജ്യം നല്‍കുമാര്യനും.
7
നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.
8
അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിയ്ക്കുക.
9
ജയിയ്ക്കുക മഹാദേവ,
ദീനവന പരായണാ,
ജയിയ്ക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിയ്ക്കുക.
10
ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
(ഹ്രസ്വമെങ്കിലും അര്‍ത്ഥപുഷ്ടികൊണ്ട് വിശിഷ്ടമായ ഈ കൃതി ഡോ. പണിക്കര്‍ (ഇന്ത്യാഹെറിറ്റേജ്) കവിയരങ്ങില്‍ ശ്രദ്ധാപൂര്‍വ്വം പാരായണം ചെയ്തിരിക്കുന്നത് ഇവിടെ കേള്‍ക്കാം.
നമ്മുടെ കാലഘട്ടത്തിലെ സാധാരണ മലയാളം ഉപയോഗിക്കുന്ന ആളുകള്‍ക്ക് ഗുരുദേവന്റെ പല കൃതികളിലേയും ഭാഷാശൈലികളും പദപ്രയോഗവും ആശയക്കുഴപ്പം ഉണ്ടാക്കിയെന്നുവരാം. ഒറ്റനോട്ടത്തില്‍ വികലമെന്നു തോന്നാവുന്ന വരികള്‍ക്കിടയില്‍ പലപ്പോഴും നാം ഊഹിക്കാത്ത അര്‍ത്ഥങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ടാവാം. അതുകൊണ്ടു തന്നെ ലഭ്യമായ എല്ലാ പതിപ്പുകളും പരിശോധിച്ച് കൂടുതല്‍ മൌലികമാണെന്നു തോന്നുന്ന രൂപമാണ് തത്തമ്മ ഇവിടെ എഴുതിച്ചേര്‍ക്കുന്നത്. പ്രക്ഷിപ്തങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഇതുതന്നെയാണ് ശരിയായ രൂപമെന്ന് നിസ്സംശയം പറയാന്‍ തത്തമ്മയ്ക്കാവുന്നില്ല.
ദൈവദശകത്തിലെ ഒന്നാം ശ്ലോകത്തില്‍ “ഭവാബ്ധിയ്ക്കോ-രാവിവന്‍തോണി” എന്ന ഭാഗത്ത് “ആവി + വന്‍തോണി” എന്നാണോ അതോ അക്ഷരപ്പിശകില്ലാതെ “ആരിവന്‍? + തോണി” എന്നാണോ അതോ ഇനിയും മറ്റൊരു വിധത്തിലാണോ എന്ന് തത്തമ്മയ്ക്കും പൂര്‍ണ്ണനിശ്ചയമില്ല. അറിവുള്ളവര്‍ ആധികാരികമായ പ്രമാണങ്ങള്‍ ചൂണ്ടിക്കാണിച്ച് തിരുത്തിത്തന്നാല്‍ ഉപകാരം! -മേയ് 19, 2008)
8 comments Labels: ദൈവദശകം, ശ്രീനാരായണഗുരു
നവമഞ്ജരി
Posted by തത്തമ്മ Sunday, November 26, 2006 at 11/26/2006 08:48:00 PM
(ശ്രീനാരായണഗുരു)
ശിശു നാമഗുരോരാജ്ഞാം കരോമി ശിരസാവഹന്‍
നവമഞ്ജരികാം ശുദ്ധീകര്‍ത്തുമര്‍ഹന്തി കോവിദാഃ
1
നാടീടുമീ വിഷയമോടീദൃശം നടനമാടീടുവാനരുതിനി-
ക്കാടീ വയോവിതരതീടീയിടയ്ക്കിവനു കൂടിയമായതിയലും
കാടീയുമീകരണമൂടിയെരിപ്പതിനൊരേടീകരിഞ്ഞ നിടില-
ച്ചൂടിദമീയ മയിലോടീടുവാനരുള്‍കമോടീയുതം മുരുകനേ!
2
രാപായില്‍ വീണുഴറുമാ പാപമീയരുതിരാപായിപോലെ മനമേ
നീ പാര്‍വതീതനയമാപാദചൂഡമണിമാപാദനായ നിയതം
പാപാടവീ ചുടുമിടാപായമീ മരുദിനോപാസനേന ചുഴയില്‍
തീപായുമാറുമധുനാപായമുണ്മതിനു നീ പാഹി മാമറുമുഖ!
3
യന്നായി വന്നരികില്‍ നിന്നായിരംകതിര്‍ പരന്നാഭയുള്ള വടിവേല്‍-
തന്നാലിവന്നരുള്‍ തരുന്നാകിലൊന്നു കുറയുന്നാമമൊന്നരുളു നീ
പുന്നാമതോയതിനി വന്നാകിലും മുരുക,നിന്നാമമൊന്നു പിടിവി-
ട്ടെന്നാകിലല്ല ഗതിയെന്നാലുമൊന്നുരുകിനിന്നാലവന്നതു മതു.
4
ണത്താരില്‍മാതണിയുമത്താമരക്കുസുമമൊത്താഭയുള്ളടികളെ-
ന്നുള്‍ത്താരിനുള്ളിലരികത്തായി വന്നമരവിത്തായ മൂലമുരുകാ,
മത്താപമൊക്കെയുമറുത്താശു മാമയിലിലൊത്താടി വല്ലിയൊടുമി-
മ്മത്താളടിച്ചു നിലയെത്താതെ നീന്തുമിവനെ സ്ഥായിയോടുമവ നീ.
5
കൃട്ടായി വന്ന നില വിട്ടോടി വന്നൊരു കുരുട്ടാവിയിങ്കലൊരു ക-
ണ്ണിട്ടാലുമപ്പൊഴുതിരുട്ടാറുമെന്തൊരു മിരട്ടാണൈതൊക്കെ മുരുകാ,
വിട്ടാലിവന്നൊരു വരട്ടാശു നീയതിനിട്ടാവി വന്നു മുടിവില്‍
പൊട്ടായി നിന്ന മലമുട്ടായ നീയവനമിട്ടാലുമിങ്ങു കൃപയാ.
6
തണ്ടാരില്‍മാനിനിയിലുണ്ടായ മാരനുമുരുണ്ടായിരം ചുവടിനു-
ള്ളുണ്ടാതിരിപ്പതിനു കണ്ടാലെവന്നു മനമുണ്ടാകയില്ല തവ മെയ്
തെണ്ടാതിരിപ്പവനിലുണ്ടാകയില്ല ശിതികണ്ഠാദി ദേവകൃപയും
വിണ്ടാവി നിന്നടിയനുണ്ടാകുമാറു കൃപയുണ്ടാകണം മുരുകനേ.
7
മഞ്ഞാവിതന്‍ കമനികുഞ്ഞായ നിന്‍ ചരണകഞ്ജായ വീണുപണിയു-
ന്നിഞ്ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്നറിവു കിം ഞായമീശതനയാ.
കിഞ്ജാതകം ബത! തിരിഞ്ഞാകിലൊന്നിഹ കനിഞ്ഞാലുമൊന്നടിയനില്‍
പിന്‍ ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്ന പദവുഞ്ജായതേ സഫലമായ്.
8
ജ്ഞപ്തിക്കു വന്നടിയനപ്തിങ്കള്‍ ചൂഡനൊടുസപ്തിക്കണഞ്ഞു മുറിയില്‍
ശബ്ദിച്ചിടാതഖിലദിക് തിങ്ങി നിന്നുവരുമബ്ധിക്കടുത്ത കൃപയാ
യുക്തിക്കടുക്കുമൊരു ശുക്തിട്ടു മട്ടുകളെയുക്തിപ്പറുത്തു പലരും
ധിക്തിഗ്മദീധിതി സുദൃക്‌തിക്കുമീ വ്യസനമുക്തിക്കു പാലയ വിഭോ!
9
രീണം മനം വിഷയബാണം വലിച്ചുഴറി നാണം കളഞ്ഞുതകി ന-
ല്ലോണം ഭവത്പദമൊരീണം വരാനരുള്‍ക വേണം ഷഡാനന, വരം
ഏണം പിടിച്ചവനൊടോണം കളിപ്പതിനു പോണം ഭവാനൊടുമഹം
കാണംബരത്തു പരിമാണം പിടിപ്പതിനു നീ നമ്മളോടുമൊരുനാള്‍
വിനായകാഷ്ടകം
Posted by തത്തമ്മ at 11/26/2006 11:14:00 AM
(ശ്രീനാരായണഗുരു)
1
നമദ്ദേവൃന്ദം ലസദ്വേദകന്ദം
ശിരഃശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം
ബൃഹച്ചാരുതുന്ദം സ്‌തുതശ്രീസനന്ദം
ജടാഹീന്ദ്രകുന്ദം ഭജേ ऽ ഭീഷ്ടസന്ദം.
2
കിലദ്ദേവഗോത്രം കനദ്ധേമഗാത്രം
സദാനന്ദമാത്രം മഹാഭക്തമിത്രം
ശരച്ചന്ദ്രവക്ത്രം ത്രയീപൂതപാത്രം.
സമസ്‌താര്‍ത്തിദാത്രം ഭജേ ശക്തിപുത്രം.
3
ഗളദ്ദാനമാലം ചലദ്‌ഭോഗിമാലം
ഗളാമ്ഭോദകാലം സദാ ദാനശീലം
സുരാരാതികാലം മഹേശാത്മബാലം
ലസത്പുണ്‌ഡറഫാലം ഭജേ ലോകമൂലം.
4
ഉരസ്‌താരഹാരം ശരച്ചന്ദ്രഹീരം
സുരശ്രീവിചാരം ഹൃതാര്‍ത്താരിഭാരം
കടേ ദാനപൂരം ജടാഭോഗിപൂരം
കലാബിന്ദുതാരം ഭജേ ശൈവവീരം.
5
കരാരൂഢമോക്ഷം വിപദ്‌ഭങ്‌ഗദക്ഷം
ചലത്സാരസാക്ഷം പരാശക്തിപക്ഷം
ശ്രിതാമര്‍ത്ത്യവൃക്ഷം സുരാരിദ്രുതക്ഷം
പരാനന്ദപക്ഷം ഭജേ ശ്രീശിവാക്ഷം.
6
സദാശം സുരേശം സദാ പാതുമീശം
നിദാനോദ്ഭവം ശാങ്കരപ്രേമകോശം
ധൃതശ്രീനിശേശം ലസദ്ദന്തകോശം
ചലച്ചൂലപാശം ഭജേ കൃത്തപാശം.
7
തതാനേകസന്തം സദാ ദാനവന്തം
ബുധശ്രീകരന്തം ഗജാസ്യം വിഭാന്തം
കരാത്മീയദന്തം ത്രിലോകകൈകവൃന്തം
സുമന്ദം പരന്തം ഭജേ ऽ ഹം ഭവന്തം.
8
ശിവപ്രേമപിണ്‌ഡം പരം സ്വര്‍ണ്ണവര്‍ണ്ണം
ലസദ്ദന്തഖണ്‌ഡം സദാനന്ദപൂര്‍ണ്ണം
വിവര്‍ണ്ണപ്രഭാസ്യം ധൃതസ്വര്‍ണ്ണഭാണ്‌ഡം
ചലശാരുശുണ്‌ഡം ഭജേ ദന്തിതുണ്ഡം.
ശിവപ്രസാദ പഞ്ചകം
Posted by തത്തമ്മ Saturday, November 25, 2006 at 11/25/2006 10:30:00 AM
ശ്രീനാരായണഗുരു
1
ശിവ,ശങ്കര,ശര്‍വ,ശരണ്യ,വിഭോ,
ഭവസങ്കടനാശന, പാഹി ശിവ.
കവിസന്തതി സന്തതവും തൊഴുമെന്‍-
ഭവനാടകമാടുമരുമ്പൊരുളേ!
2
പൊരുളെന്നുമുടമ്പൊടു മക്കളുയിര്‍-
ത്തിരളെന്നുമിതൊക്കെയനര്‍ത്ഥകരം
കരളീന്നു കളഞ്ഞു കരുംകടലില്‍
പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ.
3
പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ-
ക്കുടിയില്‍ കുടികൊണ്ടു ഗുണങ്ങളൊടും
കുടികൊണ്ടുകുടിക്കുമരുംകുടിനീ-
രടിതട്ടിയകത്തു നിറഞ്ഞിരി നീ.
4
ഗളമുണ്ടു കറുത്തതു നീ ഗരളം
കളമുണ്ടതുകൊണ്ടു കൃപാനിധിയേ,
കളമുണ്ടൊരു കൊണ്ടലൊടൊത്ത കടല്‍
ക്കളവുണ്ടൊരു സീമ നിനക്കു നഹി.
5
കനിവെന്നിലിരുത്തിയനങ്ഗരസ-
ക്കനി തട്ടിയെറിഞ്ഞു കരം കഴുകി
തനി മുക്തി പഴുത്തു ചൊരിഞ്ഞൊഴുകും
കനകക്കൊടിയേ,കഴലേകുക നീ.
ചിദംബരാഷ്ടകം (ലിങ്ഗാഷ്ടകം)
Posted by തത്തമ്മ Friday, November 24, 2006 at 11/24/2006 10:39:00 PM
(ശ്രീനാരായണഗുരു)
1
ബ്രഹ്മമുഖാമരവന്ദിതലിങ്ഗം
ജന്മജരാമരണാന്തകലിങ്ഗം
കര്‍മ്മനിവാരണകൌശലലിങ്ഗം
തന്മൃദു പാതു ചിദംബരലിങഗം
2
കല്പകമൂലപ്രതിഷ്ഠിതലിങ്ഗം
ദര്‍പ്പകനാശയുധിഷ്ഠിരലിങ്ഗം
കുപ്രകൃതിപ്രകാരാന്തകലിങ്ഗം
തന്മൃദു പാതു ചിദംബരലിങ്ഗം.
3
സ്ക്ന്ദഗണേശ്വരകല്പിതലിങ്ഗം
കിന്നരചാരണഗായകലിങഗം
പന്നഗഭൂഷണപാവനലിങ്ഗം
തന്മൃദു പാതു ചിദംബരലിങ്ഗം
4
സാംബസദാശിവശങ്കരലിങ്ഗം
കാമ്യവരപ്രദകോമളലിങ്ഗം
സാമ്യവിഹീനസുമാനസലിങ്ഗം
തന്മൃദു പാതു ചിദംബരലിങ്ഗം
5
കലിമലകാനനപാവകലിങ്ഗം
സലിലതരഗവിഭൂഷണലിങ്ഗം
പലിതപതംഗപ്രദീപകലിങ്ഗം
തന്‍മൃദു പാതു ചിദംബരലിങ്ഗം
6
അഷ്ടതനുപ്രതിഭാസുരലിങ്ഗം
വിഷ്ടപനാഥവികസ്വരലിങ്ഗം
ശിഷ്ടജനാവനശീലിതലിങ്ഗം
തന്മൃദു പാതു ചിദംബരലിങ്ഗം
7
അന്തകമര്‍ദ്ദനബന്ധുരലിങ്ഗം
കൃന്തിതകാമകളേബരലിങ്ഗം
ജന്തുഹൃദിസ്ഥിതജീവകലിങ്ഗം
തന്മൃദു പാതു ചിദംബരലിങ്ഗം
8
പുഷ്ടധിയസ്സ്യ്ചിദംബരലിങ്ഗം
ദൃഷ്ടമിദം മനസാനുപഠന്തി
അഷ്ടകമേതദവാങ്മനസീയം
അഷ്ടതനും പ്രതി യാന്തി നരാസ്‌തേ.
ശിവശതകം
Posted by തത്തമ്മ Tuesday, November 07, 2006 at 11/07/2006 10:00:00 AM
(ശ്രീനാരായണഗുരു)
1
അഴകൊടു ഭാരതയുദ്ധമദ്രിയിന്മേല്‍
മുഴുചെവിയന്‍ മുറികൊമ്പുകൊണ്ടു മുന്നം
എഴുതിനിറച്ചെളിയോര്‍ക്കിണങ്ങി നില്‌ക്കും
മുഴുമുതലാകിയ മൂര്‍ത്തി കാത്തുകൊള്‍ക!
2
അരുമറ നാലുമൊരിക്കലോതി മുന്നം
കരിമുകില്‍ വര്‍ണ്ണനു പങ്കുചെയതു നല്‌കി
പരമതു വള്ളുവര്‍നാവിലും മൊഴിഞ്ഞു
പ്പരിമളഭാരതി കാത്തുകൊള്‍ക നിത്യം!
3
കനകമയില്‍മുകളേറി വേലുമേന്തി-
ക്കനിവൊടു കണ്ണിണ കണ്‍കണം നിറഞ്ഞു
ജനിമരണച്ചൂടുകാടിലാടി വെണ്ണി-
റണിതിരുമേനി തുണയ്‌ക്കണം സദാ മേ.
4
സനകസനന്ദസനത്‌കുമാര്‍ മുന്‍പാം
മുനിജനമോടുപദേശമോതി മുന്നം
കനിവൊടു തെക്കുമുഖം തിരിഞ്ഞു കല്ലാല്‍-
ത്തണലിലിരുന്നൊരു മൂര്‍ത്തി കാത്തുകൊള്‍ക!
5
ശിവ! ശിവ! നിന്‍ തിരുനാമമോര്‍ത്തു കണ്ടാ-
ലെവിടെയുമൊന്നുതിന്നു തുല്യമില്ല
ഇവ പലതുള്ളിലറിഞ്ഞിരുന്നുമീ ഞാ-
നിവിടെയിവണ്ണമലഞ്ഞിടുന്നു കഷ്ടം!
6
ഹരിഭഗവാനരവിന്ദസൂനുവും നിന്‍-
തിരുവിളയാടലറിഞ്ഞതില്ലയൊന്നും;
ഹര! ഹര! പിന്നെയിതാരറിഞ്ഞിടുന്നു
കരളിലിരുന്നു കളിച്ചിടുന്ന കോലം?
7
ചെറുപിറ ചെഞ്ചിടയിങ്കലാറുമേറും
തിറമിയലും ഫണിമാലയും ത്രിപുണ്‌ഡ്ര-
ക്കുറികളുമമ്മദനന്‍ ദഹിച്ച കണ്ണും
പുരികവുമെന്നുമെനിക്കു കാണണം തേ.
8
ദിനമണിതിങ്കളണിഞ്ഞ കണ്ണു രണ്ടും
മണിമയകുണ്ഡലകര്‍ണ്ണയുഗ്മവും തേ
കനകതിലക്കുസുമം കുനിഞ്ഞു കൂപ്പി-
ദ്ദിനമനുസേവകള്‍ ചെയ്തിടുന്ന മൂക്കും.
9
പഴവിനയൊക്കെയറുത്തിടുന്ന തൊണ്ടി-
പ്പഴമൊടു പോരിലെതിര്‍ത്തിടുന്ന ചുണ്ടും
കഴുകിയെടുത്തൊരു മുത്തൊടൊത്ത പല്ലും
മുഴുമതിപോലെ കവിള്‍ത്തടങ്ങളും തേ.
10
അമൃതൊഴുകും തിരമാലപോലെ തള്ളും
തിമൃതയുതത്തിരുവാക്കുമെന്‍ ചെവിക്ക്
കുമറിയെരിഞ്ഞുകുമിഞ്ഞെഴും മനത്തീ-
ക്കമൃതുചൊരിഞ്ഞതുപോലെയുള്ള നോക്കും.
11
കുവലയമൊക്കെ വിളങ്ങിടുന്ന പുത്തന്‍-
പവിഴമലയ്ക്കു മുളച്ചെഴും നിലാവും
തഴുവിന വെണ്മണിതാരകങ്ങളും നി-
ന്നൊഴിവറെ രക്ഷകള്‍ ചെയ്യുവാന്‍ തൊഴുന്നേന്‍.
12
അരവവുമെല്ലുമിടയ്ക്കിടയ്‌ക്കണിഞ്ഞും
കരിമുകില്‍ കണ്ടു കുനിഞ്ഞിടും കഴുത്തും
വരദമഭീതികുരംഗശൂലപാണി-
ത്തിരുമലര്‍നാലുമണിഞ്ഞു കാണണം തേ.
13
ഉരഗലസത്കൃതമാലമാല ചാര്‍ത്തി-
പ്പരിലസിതോരസി ഭൂരി ഭൂതി പൂശി,
പരിമളമുണ്ടു മുരണ്ടിടുന്ന വണ്ടിന്‍-
നിരകളൊടും തിരുമേനിയെന്നു കാണാം?
14
ഒഴുകിടുമംബരഗങ്ഗതന്റെ നീരില്‍-
ച്ചുഴിയൊടു തുല്യമുദിച്ചെഴുന്ന നാഭി-
ക്കുഴിയിലെഴുന്ന കളിന്ദകന്യ മേലോ-
ട്ടൊഴുകിടുമെന്നകണക്കു രോമരാജി.
15
തുടയിണതന്നിലുരിച്ച വാരണത്തോല്‍-
പ്പടയുടയാടയുടുത്തതിന്‍പുറത്ത്
പടമൊരു കൈയിലെടുത്തു വാലുമായി-
ക്കടിയില്‍ മുറുക്കിയ കാഞ്ചിയെന്നു കാണാം?
16
കരിയുരികെട്ടിയുടുത്തനന്തകച്ച-
പ്പുറമതു പൂട്ടിയലങ്കരിച്ചു പാമ്പും
പരിമളഭൂതി പൊതിഞ്ഞു പൂശിയന്തി-
ത്തിരുവിളയാടലിതെന്നു കാണുമീ ഞാന്‍?
17
മലരടി രണ്ടിലുമിട്ട പൂഞ്ചിലങ്ക-
ക്കുലകള്‍ കൊരുത്തു കളിച്ചിടുന്ന നേരം
കലകലയെന്നു കിലുങ്ങിടും ചിലമ്പി-
ന്നൊലി ചെവി രണ്ടിലുമെന്നു കേള്‍ക്കുമീ ഞാന്‍?
18
മുടിനടുവാദി മുടിഞ്ഞു മൂന്നുമൊന്നായ്
വടിവൊടുനിന്നു വിളങ്ങിടും വിളക്കിന്‍
ചുടരൊളി ചുട്ടു തുടച്ചു ശോകമാകും
കടലതുകൊണ്ടു കടന്നിടുന്നു കൂലം.
19
കുവലനായകനര്‍ക്കനഗ്നിഹോതാ-
വവനിതുടങ്ങിയ ഭൂതിയഞ്ചുമ്മിന്നീ
തവ മറിമായമിതാര്‍ക്കറിഞ്ഞിടാവൂ
കവിജനകല്പിതകാവ്യമെന്നപോലെ!
20
മതികല ചൂടിയ പൊന്‍ കുടം മതിക്കു-
ള്ളതിമൃദുകോമളനാടകം നടിപ്പാന്‍
കൊതി പെരുകുന്നതുകൊണ്ടു കണ്ടതെല്ലാ-
മുദിതമിതൊക്കെയുമങ്ങു ചേരുമല്ലോ!
21
ഭഗവതിയമ്മ പകുത്തു പാതി വാങ്ങി-
പ്പകുതി മുകുന്ദനു നല്കി മുന്നമേ നീ,
ഭഗവതി നിന്തിരുമേനിതന്നിലിന്നോ-
രഗതിയിരിപ്പതിനാഗ്രഹിച്ചിടുന്നു.
22
പശുപതി പാശമൊഴിച്ചു പാഹി മാമോ-
രശുഭമെനിക്കണയാത തക്കവണ്ണം
പിശിതമശിച്ചു പരുത്ത പിണ്ഡമോ ഞാ-
നശുചിയിതെന്നകതാരിലോര്‍ത്തിടാത്തൂ?
23
അതിസരണം വമി തന്നെ വന്നിതിന്നാ-
ളതിപരിദേവന ചെയ്തൊക്കെയും നിന്‍
മതിയിലറിഞ്ഞു. മറന്നു പിന്നെയും ഞാന്‍
ഗതിയറിയാതെ വലഞ്ഞിടുന്നു കഷ്ടം!
24
മലയതിലുണ്ടു മരുന്നു മൂന്നു പാമ്പും
പുലിയുമതിന്നിരുപാടുമുണ്ടും കാവല്‍
പുലയനെടുത്തു ഭുജിച്ചു പാതിയിന്നും
വിലസതി നീയുമെടുത്തുകൊള്‍ക നെഞ്ചേ!
25
ധരണിയിലിങ്ങനെ വാഴുവാനസഹ്യം
മരണവുമില്ല നമുക്കു പാര്‍ത്തുകണ്ടാല്‍
തരുണമിതെന്നു ധരിച്ചു താപമെല്ലാം
സ്‌മരഹര, തീര്‍ത്തെഴുനള്ളൂകെന്റെ മുമ്പില്‍.
26
വയറുപതപ്പതിനുണ്ടു കണ്ടതെല്ലാം
കയറി മറിഞ്ഞു മരിച്ചിടുന്നതിന്‍മുന്‍
ദയ തിരുമേനി മനസ്സിലോര്‍ത്തൂ ഭക്തി-
ക്കയറു കൊടുത്തു കരേറ്റണം മനം മേ.
27
അരുള്‍വടിവായൊരുപോല്‍ നിറഞ്ഞുനില്ക്കും
പരമശിവന്‍ ഭഗവാനരിഞ്ഞു സര്‍വ്വം
സുരനദി തിങ്കളനിഞ്ഞു ദൈവമേ! നിന്‍-
തിരുവടി നിത്യമനുഗ്രഹിച്ചിടേണം.
28
മുഴുമതിമൂടു തുരന്നു മുത്തെടുത്ത
ക്കുഴിയിലടച്ച കുരങ്ഗമുണ്ടു കൈയില്‍
തഴലൊരിയും പൊഴുതൂറി മൂലമോളം
പുഴയൊഴുകുന്നതു വാഴ്ക ഭൂവിലെന്നും.
29
ജനിമൃതിരോഗമറുപ്പതിന്നു സഞ്ജീ-
വനി പരമേശ്വരനാമമെന്നില്ല,
പുനരതുമൊക്കെ മറന്നു, പൂത്തുകായ്‌ക്കും
പുനകൃതികൊണ്ടു നിറഞ്ഞു ലോകമെല്ലാം.
30
നരഹരിമൂര്‍ത്തി നമിച്ചിടുന്ന നെറ്റി-
ത്തിരുമിഴിത്തന്നിലെരിച്ച മാരനിന്നും
വരുവതിനെന്തൊരു കാരണം പൊരിച്ചി-
ടെരിമിഴിതന്നിലിതൊന്നുകൂടെയിന്നും.
31
പറവകള്‍ പത്തുമറത്തുപറ്റി നില്ക്കും
കുറികളൊഴിച്ചു കരുത്തടക്കിയാടും
ചെറുമണി ചെന്നു ചെറുത്തു കാളനാഗം
നെറുകയിലാക്കിയൊളിച്ചിടുന്നു നിത്യം.
32
ശിവ!ശിവതത്ത്വമൊഴിഞ്ഞു ശക്തിയും നി-
ന്നവധി പറന്നൊഴിയാതെ നാദവും നിന്‍
സവനമതിന്നു സമിത്തതാക്കി ഹോമി-
പ്പവനിവനെന്നരുളീടുകപ്പനേ നീ.
33
ചെറുമയിര്‍തോലുന്‍പൊതിഞ്ഞു ചത്തുപോവാന്‍
വരവുമെടുത്തു വലത്തു വായുവിന്മേല്‍
ചരുകു ചുഴന്നു പറന്നിടുന്നവണ്ണം
തിരിയുമതിങ്ങുവരാതെ തീയിടേണം.
34
കരമുന ചെയ്തു കളിച്ചു കള്ളമെല്ലാം
കരളിലമര്‍ത്തിയൊരല്പനെക്കുറിച്ച്
കരുണയിരുത്തിയനുഗ്രഹിച്ചിടേണം
കരപെരുകിക്കവിയും സമുദ്രമേ! നീ.
35
തൊഴിലുകളഞ്ചുമൊഴിഞ്ഞു തോന്നിനില്‌ക്കും
മുഴുമതിയാഴി കടഞ്ഞെടുത്തു മുന്നം
ഒഴികിവരുന്നമൃതുണ്ടു മാണ്ടുപോകാ-
തൊഴിവിലൊടുക്കമുദിക്കുമര്‍ക്കബിംബം.
36
ഒരുവരുമില്ല നമുക്കു നീയൊഴിഞ്ഞി-
ങ്ങൊരു തുണ താണ്‌ഡവമൂര്‍ത്തി പാര്‍ത്തലത്തില്‍
സ്‌മരഹര! സാംബ! സദാപി നീ തെളിഞ്ഞി-
ങ്ങൊരു കൃപ നല്‌കുകിലെന്തു വേണ്ടു പിന്നേ?
37
ഉമയൊടു കൂടിയടുത്തു വന്നു വേഗം
മമ മതിമോഹമറുത്തു മെയ്‌കൊടുത്ത്
യമനുടെ കൈയിലകപ്പടാതെയെന്നും
സമനില തന്നു തളര്‍ച്ച തീര്‍ത്തിടേണം!
38
ചലമിഴിമാരുടെ ചഞ്ചു കണ്ടു നില്ക്കും
നില നിടിലത്തിരുനോക്കു വച്ചറുത്ത്
പല പല ലീല തുടര്‍ന്നിടാതെ പാലി-
ച്ചലിവൊടു നിന്‍ പദപങ്കജം തരേണം.
39
കടിയിടയിങ്കലൊളിച്ചിരുന്നു കൂടും
പൊടിയിലുരുണ്ടു പിരണ്ടു പോക്കടിപ്പാന്‍
അടിയനു സംഗതി വന്നിടാതിരുത്തി-
പ്പടിയരുളീടുക പാര്‍വ്വതീശ! പോറ്റി!
40
യമനൊടു മല്ലു പിടിപ്പതിന്നു നീതാ-
നിമയളവും പിരിയാതിരുന്നുകൊള്‍ക!
സുമശരസായകസങ്കടം സഹിപ്പാന്‍
നിമിഷവുമെന്നെയയയ്ക്കൊലാ മഹേശാ!
41
സുഖവുമൊരിക്കലുമില്ല ദുഃഖമല്ലാ-
തിഹപരലോകവുമില്ല തെല്ലുപോലും;
സകലമതിങ്ങനെ ശാസ്ത്രസമ്മേതം, ഞാന്‍
പകലിരവൊന്നുമറിഞ്ഞതില്ല പോറ്റി!
42
ഒരുകുറി നിന്‍ തിരുമേനി വന്നു മുന്നില്‍-
ത്തിരുമുഖമൊന്നു തിരിച്ചു നോക്കിയെന്നില്‍
പെരുകിന സങ്കടവന്‍കടല്‍ കടത്തി-
ത്തരുവതിനെന്നു തരം വരും ദയാലോ!
43
അവനിയിലഞ്ചുരുവപ്പില്‍ നാലുമഗ്നി-
ക്കിവയൊരുമൂന്നൊരു രണ്ടു കാറ്റില്‍ വാനില്‍
തവ വടിവൊന്നു തഴച്ചെഴുന്നു കാണ്മാ-
നെവിടെയുമുണ്ടു നിറഞ്ഞു നിന്നിടുന്നു.
44
മലമകളുണ്ടൊരുപാടു മാറിടാതെ
മുലകളുലഞ്ഞമൃതൂറി മോദമാകും
മലമുകളീന്നൊഴുകും പുഴയാഴിയെന്‍
തലവഴിയെന്നൊഴുകുന്നിതു ശങ്കരാ!
45
ഭസിതമണിഞ്ഞു പളുങ്കൊടൊത്തുനിന്നം-
ഭസി തലയില്‍ തിരമാല മാല ചൂടി
ശ്വസിതമശിക്കുലംകൃതികലാപി-
ച്ചസി തിരുമെനിയിരങ്ങവേണമെന്നില്‍.
46
അഹമൊരു ദോഷമൊരുത്തരോടു ചെയ്‌വാ-
നകമലരിങ്കലറിഞ്ഞിടാതവണ്ണം
സകലമൊഴിച്ചുതരേണമെന്നുമേ ഞാന്‍
ഭഗവദനുഗ്രഹപാത്രമായ് വരേണം.
47
പുരഹര, പൂര്‍വ്വമിതെന്തു ഞാന്‍ പിഴച്ചി-
പ്പരവശഭാവമൊഴിഞ്ഞിടായ്‌വതിന്ന്?
പുരമെരിചെയ്‌തതുപോലെ ജന്മജന്മാ-
ന്തരവിനയൊക്കെയെരിക്കണം ക്ഷണം മേ.
48
സുമശരവേല തുരത്തിയോട്ടി നീതാ-
നമരണമെന്‍ മനതാരിലൊന്നുമെന്നില്‍
കുമതികുലം കൊലയാനപോലെ കുത്തി-
ത്തിമിരനിരയ്‌ക്കു തിമിര്‍ത്തിടാതിരിപ്പാന്‍.
49
ചുവയൊളിയൂറലൊഴിഞ്ഞു ശീതരശ്‌മി-
യ്‌ക്കവമതി ചെയ്‌വതിനുള്ള് നിന്‍ കടാക്ഷം
ഭവമൃതി മൂടുപറിഞ്ഞുപോകുമാറി-
ങ്ങിവനു തരേണ, മതിന്നു വന്ദനം തേ.
50
കരണവുമങ്ങു കുഴഞ്ഞു കണ്ണു രണ്ടും
ചെരുകിയിരുണ്ടു ചമഞ്ഞു ജീവനാശം
വരുമളവെന്നുമറിഞ്ഞുകൊള്ളുവാനും
ഹര!ഹര! നിന്‍ തിരുനാമമുള്ളില്‍ വേണം
51
ജയ ജയ ചന്ദ്രകലാധര! ദൈവമേ!
ജയ ജയ ജന്മവിനാശന! ശങ്കര!
ജയ ജയ ശൈലനിവാസ! സതാം പതേ!
ജയ ജയ പാലയ മാമഖിലേശ്വര!
52
ജയജിതകാമ! ജനാര്‍ദ്ദനസേവിത!
ജയ ശിവ! ശങ്കര! ശര്‍വ്വ! സനാതന!
ജയ ജയ മാരകളേബരകോമള!
ജയ ജയ സാംബ! സദാശിവ! പാഹി മാം.
53
കഴലിണകാത്തുകിടന്നു വിളിക്കുമെ-
ന്നഴലവിടുന്നറിയാതെയിരിക്കയോ?
പിഴ പലതുണ്ടിവനെന്നു നിനയ്‌ക്കയോ
കുഴിയിലിരുന്നു കരേറുവതെന്നു ഞാന്‍?
54
മഴമുകില്‍ വര്‍ണ്ണനുമക്ഷി പറിച്ചു നിന്‍-
കഴലിണ തന്നിലൊരര്‍ച്ചന ചെയ്‌തുപോല്‍
കഴി വരുമോയിതിനിന്നിടിയന്നു, നിന്‍-
മിഴിമുന നല്കിയനുഗ്രഹമേകണേ!
55
ഒഴികഴിവൊന്നു പറഞ്ഞൊഴിയാതെ നി-
ന്നഴലതിലിട്ടുരുകും മെഴുകെന്നപോല്‍
കഴലിണയിങ്കലടങ്ങുവതിന്നു നീ
വഴിയരുളീടുക വാമദേവ, പോറ്റി!
56
മലമുകളീന്നു വരുന്നൊരു പാറപോല്‍
മുലകുടി മാറിയ നാള്‍മുതല്‍ മാനസം
അലര്‍ശരസായകമല്ലുപിടിച്ചു നിന്‍
മലരടിയും ജഗദീശ! മറന്നു ഞാന്‍.
57
കുലഗിരിപോലെയുറച്ചിളകാതെയി-
ക്കലിമലമുള്ളിലിരുന്നു മറയ്‌ക്കയാല്‍
ബലവുമെനിക്ക് കുറഞ്ഞു ചമഞ്ഞു നിര്‍-
മ്മലനിലയെന്നു തരുന്നടിയന്നു നീ?
58
കുലവുമകന്നു കുടുംബവുമങ്ങനേ
മലയിലിരുന്നു മഹേശ്വരസേവനും
കലയതു കാലമനേകഭയം ഭവാന്‍
തലയില്‍ വിധിച്ചതു സമ്മതമായ് വരും.
59
വകയറിയാതെ വലഞ്ഞിടുമെന്നെ നീ
ഭഗവതിയോടൊരുമിച്ചെഴുനള്ളീവ-
ന്നകമുരുകും പടി നോക്കിടുകൊന്നു മാ-
മഘന്മൊരുനേരമടുത്തു വരാതിനി.
60
അരുവയര്‍തന്നൊടു കൂടിയോടിയാടി-
ത്തിരിവതിനിത്തിരി നേരവും നിനപ്പാന്‍
തരമണയാതെയുരുക്കിയെന്മനം നിന്‍-
തിരുവടിയോടൊരുമിച്ചു ചേര്‍ത്തിറ്റേണം.
61
ഒരുപിടിതന്നെ നമുക്കു നിനയ്‌ക്കിലി-
ത്തിരുവടിതന്നിലിതെന്നി മറ്റതെല്ലാം
കരളിലിരുന്നു കളഞ്ഞഖിലം നിറ-
ഞ്ഞിരിയിയെന്നരുളുന്നറിവെപ്പൊഴും.
62
കരമതിലുണ്ടു കരുത്തുമടക്കിനി-
ന്നരികിലിരുന്നു കളിപ്പതിനെന്നുമേ
വരമരുളുന്നതു വാരിധിയെന്നപോല്‍
കരുണ നിറഞ്ഞു കവിഞ്ഞൊരു ദൈവമേ!
63
പുരമൊരുമുന്നുമെരിച്ച പുരാതനന്‍
ഹരിഹരമൂര്‍ത്തി ജയിക്കണമെപ്പൊഴും
പുരിജട തന്നിലൊളിച്ചു കളിച്ചിടും
സുരനദി തൂകുമൊരീശ്വര! പാഹി മാം.
64
പരമൊരു തുമ്പമെനിക്കു ഭവാനൊഴി-
ഞ്ഞൊരുവരുമില്ല ദിഗംബര! നിന്‍പദം
തരണമെനിക്കതുകൊണ്ടഘമൊക്കെയും
തരണമഹങ്കരവാണി ഭവാര്‍ണ്ണവം.
65
മിഴികളില്‍ നിന്നൊഴുകുന്നമൃതത്തിര-
പ്പൊഴികളില്‍ വീണൊഴുകും പരമാഴിയില്‍
ചുഴികളില്‍ നിന്നു ചുഴന്നു ചുഴന്നു നിന്‍
കഴല്‍കളില്‍ വന്നണയുന്നതുമെന്നു ഞാന്‍?
66
മഴ പൊഴിയുന്നതുപോല്‍ മിഴിയിങ്കല്‍ നി-
ന്നൊഴുകിയൊലിച്ചുരുകിത്തിരുവുള്ളവും
പഴയൊരു ഭക്തജനം ഭവസാഗര-
ക്കുഴിയതില്‍ നിന്നു കടന്നു കശ്‌മലന്‍ ഞാന്‍.
67
വഴിയിലിരുന്നു വരുന്നു ബാധയെല്ലാ-
മൊഴിയണമെന്നൊരു നേരമെങ്കിലും മേ
മിഴികളില്‍ നിന്നമൃതൂറിയറിഞ്ഞു നിന്‍-
കഴലിണ കണ്ടു കളിപ്പതിനാഗ്രഹം.
68
പിന്‍ പലതുള്ളിലിരുന്നു പലപ്പൊഴും
ചുഴല്‍വതുകൊണ്ടു ശിവായ നമോസ്‌തു തേ
പഴി വരുമെന്നു നിനച്ചുരുകുന്നു ഞാ-
നഴലതിലിട്ടലിയുന്നൊരു വെണ്ണപോല്‍.
69
മിഴിമുനകൊണ്ടു മയക്കി നാഭിയാകും-
കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി
കിഴിയുമെടുത്തു വരുന്ന മങ്കമാര്‍തന്‍
വഴികളിലിട്ടു വലയ്‌ക്കൊലാ മഹേശാ!
70
തലമുടി കോതി മുടിഞ്ഞു തക്കയിട്ട-
ക്കൊലമദയാന കുലുങ്ങി വന്നു കൊമ്പും
തലയുമുയര്‍ത്തി വിയത്തില്‍ നോക്കിനില്ക്കും
മുലകളുമെന്നെ വലയ്‌ക്കൊലാ മഹേശാ!
71
കുരുവുകള്‍പോലെ കുരുത്തു മാര്‍വിടത്തില്‍
കരളു പറിപ്പതിനങ്ങു കച്ചകെട്ടി
തരമതു നോക്കിവരുന്ന തീവിനയ്‌ക്കി-
ന്നൊരുകുറിപോലുമയയ്‌ക്കൊലാ മഹേശാ!
72
കടലു ചൊരിഞ്ഞുകളഞ്ഞു കുപ്പകുത്തി-
ത്തടമതിലിട്ടു നിറച്ചു കുമ്മി നാറി
തടമുലയേന്തി വരുന്ന കൈവളപ്പെണ-
കൊടിയടിപാര്‍ത്തു നടത്തൊലാ മഹേശാ!
73
കുരുതി നിറഞ്ഞു ചൊരിഞ്ഞു ചീയൊലിക്കും
നരകനടുക്കടലില്‍ ഭ്രമിയാതെ, നിന്‍
ചരിതരസാമൃതമെന്നുടെമാനസേ
ചൊരിവതിനൊന്നു ചുളിച്ചു മിഴിക്കണം.
74
ശരണമെനിക്കു ഭവച്ചരണാംബുജം
നിരുപമനിത്യനിരാമയമൂര്‍ത്തിയേ!
നിരയനിരയ്‌ക്കൊരുനേരവുമെന്നെ നീ
തിരിയുവതിന്നൊരുനാളുമയയ്‌ക്കൊലാ.
75
പരമപാവന! പാഹി പുരാരയേ
ദുരിതനാശന! ധൂര്‍ജ്ജടയേ നമഃ
ചരണസാരസയുഗ്മനിരീക്ഷണം
വരണതെന്നു വലാന്തകവന്ദിത!
76
സരസിജായതലോചന! സാദരം
സ്‌മരനിഷൂദന! മാമവ നീ പതേ!
കരുണ നിന്മനതാരിലുദിക്കണം
ഗിരിശ! മയ്യനുവാസരമെപ്പൊഴും.
77
പുതിയ പൂവു പറിച്ചു ഭവാനെ ഞാന്‍
മതിയിലോര്‍ത്തൊരു നേരവുമെങ്കിലും
ഗതിവരും പടി പൂജകള്‍ ചെയ്‌തതി-
ല്ലതിനുടെ പിഴയോയിതു ദൈവമേ!
78
പതിവതായിയൊരിക്കലുമെന്മനം
കുതിയടങ്ങിയിരിക്കയുമില്ലയേ!
മതിയുറഞ്ഞ ജടയ്‌ക്കന്ണിയുന്ന നീ-
രതിരഴിഞ്ഞൊഴുകീടിന മേനിയേ!
79
വിധി വരച്ചതു മാറിവരാന്‍ പണി
പ്രതിവിധിക്കുമകറ്റരുതായത്
ഇതി പറഞ്ഞുവരുന്നു മഹാജനം
മതിയിലൊന്നടിയന്നറിയാവതോ?
80
സ്‌തുതിപറഞ്ഞിടുമെങ്കിലനാരതം
മുദിതരാകുമശേഷജനങ്ങളും
അതുമിനിക്കരുതേണ്ടതില്‍നിന്നെഴും-
പുതയലും ബത! വേണ്ട ദയാനിധേ!
81
അതിരൊഴിഞ്ഞു കവിഞ്ഞൊഴുകുന്ന നി-
ന്നതിരസക്കരുണത്തിരമാലയില്‍
ഗതിവരുമ്പടി മുങ്ങിയെഴുന്നു നി-
ല്‌പതിനു നീയരുളേണമനുഗ്രഹം.
82
കുമുദിനിതന്നിലുദിച്ചു കാലുവീശി-
സ്സുമശരസാരഥിയായ സോമനിന്നും
കിമപി കരങ്ങള്‍ കുറഞ്ഞു കാലുമൂന്നി-
ത്തമസി ലയിച്ചു തപസ്സു ചെയ്തിടുന്നു.
83
കലമുഴുവന്‍ തികയും പൊഴുതായ്‌വരും
വിലയമെന്നകതാരില്‍ നിനയ്‌ക്കയോ?
അലര്‍ശരമൂലവിരോധിയതായ നിന്‍
തലയിലിരുന്നു തപിക്കരുതിന്നിയും.
84
അലയൊരു കോടിയലഞ്ഞു വരുന്നതും
തലയിലിണിഞ്ഞു തഴച്ചു സദായ്‌പൊഴും
നിലയിളകാതെ നിറഞ്ഞു ചിദംബര-
സ്ഥലമതിലെപ്പൊഴുമുള്ളവനേ! നമഃ
85
മലമുകളേറി വധിച്ചു മൃഗങ്ങള്‍തന്‍
തൊലികളുരിച്ചു തരുന്നതിനിന്നിവന്‍
അലമലമെന്നു നിനച്ചെഴുനള്ളിയാല്‍
പല ഫലിതങ്ങള്‍ പറഞ്ഞു ചിരിക്കുമോ?
86
നിലയനമേറി ഞെളിഞ്ഞിരുന്നിവണ്ണം
തലയണപോലെ തടിച്ചു തീറ്റി തിന്ന്
തുലയണമെന്നു പുരൈവ ഭവാനുമെന്‍
തലയില്‍ വരച്ചതിതെന്തൊരു സങ്കടം!
87
കലിപുരുഷന്‍ കടുവാ പിടിപ്പതിന്നായ്
മലയിലിരുന്നു വരുന്നവാറുപോലെ
കലിയുഗമിന്നിതിലെങ്ങുമുണ്ടു കാലം
തലയുമറുത്തു കരസ്ഥമാക്കുവാനായ്.
88
മലര്‍മണമെന്നകണക്കു മൂന്നുലോക-
ത്തിലുമൊരുപോലെ പരന്നു തിങ്ങിവീശി
കലശലജലപ്രെതിബിംബനഭസ്സുപോല്‍
പലതിലുമൊക്കെ നിറഞ്ഞരുളേ! ജയ.
89
മലജലമുണ്ടൊരുപാടു നിറഞ്ഞു മു-
മ്മലമതില്‍ മുങ്ങി മുളച്ചുളവാകുവാന്‍
വിളനിലമങ്ങു വിതച്ചു പഴുത്തറു-
ത്തുലകര്‍ ഭുജിച്ചലയുന്നതു സങ്കടം.
90
പലിതജരാമരണങ്ങള്‍ പലപ്പൊഴും
പുലിയതുപോലെ വരുന്നു പിടിക്കുവാന്‍
പൊലിവിതിനെന്നു വരും ഭഗവാനുടെ
കളിയിവയൊക്കെയനാദിയതല്ലയോ?
91
ചില സമയംശിവസേവ മുഴുക്കയാ-
ലിളകരുതാതെയിരുന്നലിയും മനം
പല പൊഴുതും ഭഗവാനുടെ മായയില്‍
പലകുറിയിങ്ങനെതന്നെയിരിക്കയോ?
92
അപജയമൊന്നു മെനിക്കണയാതിനി-
ത്തപസി നിരന്തരമെന്മലമൊക്കെയും
സപദി ദഹിച്ചു സുഖം തരുവാനുമെന്‍-
ജപകുസുമത്തിരുമേനി ജയിക്കണം.
93
അവമതി ചെയ്തു തഴച്ചു കാടുതന്നില്‍
ഭവമൃതിവിത്തുമുളച്ചു മൂടുമൂന്നി
ഭുവനമതിങ്കലിരുന്നു മണ്ണു തിന്നും
ശവമെരി തിന്നുവതോ, നരിക്കൊരൂണോ?
94
ജനകനുമമ്മയുമാത്മസഖിപ്രിയ-
ജനവുമടുത്തയല്‍ വാസികളും വിനാ
ജനനമെടുത്തു പിരിഞ്ഞിടുമെപ്പൊഴും
തനിയെയിരിപ്പതിനേ തരമായ് വരൂ.
95
അണയലിരുന്നരുളീടുമനുഗ്രഹം
ദിനമണി ചൂടിയ തമ്പുരാനിതൊന്നും
അനുവളവും പിരിയാതെയിരിക്കുമെന്‍
മണികള്‍ നമുക്കു വരും പിണി തീര്‍ത്തിടും.
96
പിണിയിനിക്കണയാതെയിനിത്തിരു-
പ്പണിവിടയ്`ക്കൊരു ഭക്തിയുറയ്‌ക്കണം
തണലിലിരുന്നരുളുന്നതു ചെഞ്ചിടാ-
യ്‌ക്കണിയുമംബരഗംഗയുടേ തിര.
97
അണിമുടിക്കണിയും തിരമാലയില്‍
തണിയുമെന്‍ വ്യസനങ്ങളെതൊക്കെയും
പണിയറുപ്പതിനെപ്പൊഴുമത്തിരു-
ക്കണികള്‍ കാട്ടുക കാമവിനാശന!
98
പണിയുമപ്‌ഫണിമാല പിരിച്ചുചേര്‍-
ത്തണിയുമച്ചിടയാടിവരുന്ന നി-
നണിമുഖാംബുജമക്ഷികള്‍ കൊണ്ടിനി-
ക്കണിയണം കരുണാകലശാംബുധേ!
99
അമരവാഹിനി പൊങ്ങിവരും തിര-
യ്‌ക്കമരമെന്നകണക്കു പടങ്ങളും
സമരത്തില്‍ വിരിച്ചരവങ്ങളോ-
ടമരുമച്ചിടയാടിയടുക്കണം.
100
കുളിര്‍മതികൊണ്ടു കുളിര്‍ത്തു ലോകമെല്ലാ-
മൊളിതിരളൂന്നൊരു വെണ്ണിലാവു പൊങ്ങി
തെളുതെളെ വീശിവിളങ്ങി ദേവലോക-
ക്കുളമതിലാമ്പല്‍ വിരിഞ്ഞുകാണണം മേ!
ഈശാവാസ്യോപനിഷത്
Posted by തത്തമ്മ Saturday, November 04, 2006 at 11/04/2006 12:01:00 AM
“ഈശാവാസ്യമിദം സര്‍വ്വം...” എന്നു തുടങ്ങുന്ന വിഖ്യാതമായ ഈശാവാസ്യോപനിഷത്തിന്റെ ശ്രീനാരായണഗുരു തര്‍ജ്ജമ ചെയ്ത മലയാളരൂപമാണു് ഇതു്.
തെറ്റുകള്‍ ദയവായി കമന്റിലൂടെ ചൂണ്ടിക്കാണിക്കുക. മലയാളം വിക്കിസോഴ്സില്‍ ചേര്‍ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അങ്ങനെയുമാവാം.
1
ഈശന്‍ ജഗത്തിലെല്ലാമാ-
വസിക്കുന്നതുകൊണ്ടു നീ
ചരിക്ക മുക്തനായാശി
ക്കരുതാരുടെയും ധനം.
2
അല്ലെങ്കിലന്ത്യം വരെയും
കര്‍മ്മം ചെയ്തിങ്ങസങ്ഗനായ്
ഇരിക്കുകയിതല്ലാതി-
ല്ലൊന്നും നരനു ചെയ്തിടാന്‍.
3
ആസുരം ലോകമൊന്നുണ്ട്
കൂരിരുട്ടാലതാവൃതം
മോഹമാര്‍ന്നാത്മഹന്താക്കള്‍
പോകുന്നു മൃതരായതില്‍.
4
ഇളകാതേകമായേറ്റം
ജിതമാനസവേഗമായ്
മുന്നിലാമതിലെത്താതെ
നിന്നുപോയിന്ദ്രിയാവലി.
5
അതു നില്ക്കുന്നു പോകുന്നി-
തോടുമന്യത്തിനപ്പുറം
അതിന്‍ പ്രാണസ്പന്ദനത്തി-
ന്നധീനം സര്‍വകര്‍മ്മവും.
6
അതു ലോലമതലോല-
മതു ദൂരമതന്തികം
അതു സര്‍വ്വാന്തരമതു
സര്‍വത്തിന്നും പുറത്തുമാം.
7
സര്‍വഭൂതവുമാത്മാവി-
ലാത്മാവിനെയുമങ്ങനെ
സര്‍വഭൂതത്തിലും കാണു-
മവനെന്തുള്ളു നിന്ദ്യമായ്?
8
തന്നില്‍ നിന്നന്യമല്ലാതെ-
യെന്നു കാണുന്നു സര്‍വവും
അന്നേതു മോഹമന്നേതു
ശോകമെകത്വദൃക്കിന്?
9
പങ്കമറ്റംഗമില്ലാതെ
പരിപാവനമായ് സദാ
മനസ്സിന്മനമായ് തന്നില്‍
തനിയേ പ്രോല്ലസിച്ചിടും.
10
അറിവാല്‍ നിറവാര്‍ന്നെല്ലാ-
മറിയും പരദൈവതം
പകുത്തു വെവ്വേറായ് നല്‍ക്കീ
മുന്‍പോലി വിശ്വമൊക്കെയും.
11
അവിദ്യയെയുപാസിക്കു-
ന്നവരന്ധതമസ്സിലും
പോകുന്നു വിദ്യാരതര-
ങ്ങതേക്കാള്‍ കൂരിരുട്ടിലും.
12
അവിദ്യകൊണ്ടുള്ളതന്യാ
വിദ്യകൊണ്ടുള്ളതന്യമാം
എന്നു കേള്‍ക്കുന്നിതോതുന്ന
പണ്ഡിതന്മാരില്‍നിന്നു നാം.
13
വിദ്യാവിദ്യകള്‍ രണ്ടും ക-
ണ്ടറിഞ്ഞവരവിദ്യയാല്‍
മൃത്യുവെത്തരണം ചെയ്തു
വിദ്യയാലമൃതാര്‍ന്നിടും.
14
അസംഭൂതിയെയാരാധി-
പ്പവരന്ധതമനസ്സിലും
പോകുന്നു സംഭൂതിരത-
രതേക്കാള്‍ കൂരിരുട്ടിലും.
15
സംഭൂതികൊണ്ടുള്ളതന്യ-
മസംഭൂതിജമന്യമാം
എന്നു കേള്‍ക്കുന്നിതോതുന്ന
പണ്ഡിതന്മാരില്‍നിന്നു നാം.
16
വിനാശംകൊണ്ടു മൃതിയെ-
ക്കടന്നമൃതമാം പദം
സംഭൂതികൊണ്ടു സം പ്രാപി-
ക്കുന്നു രണ്ടുമറിഞ്ഞവര്‍.
17
മൂടപ്പെടുന്നു പൊന്‍പാത്രം-
കൊണ്ടു സത്യമതിന്‍ മുഖം
തുറക്കുകതു നീ പൂഷന്‍!
സത്യധര്‍മ്മന്നു കാണുവാന്‍.
18
പിറന്നാദിയില്‍ നിന്നേക-
നായി വന്നിങ്ങു സൃഷടിയും
സ്ഥിതിയും നാശവും ചെയ്യും
സൂര്യ! മാറ്റുക രശ്മിയെ.
19
അടക്കുകിങ്ങു കാണ്മാനായ്
നിന്‍ കല്ല്യ്യാണകളേബരം
കണ്ടുകൂടാത്തതായ് കണ്ണു-
കൊണ്ടു കാണപ്പെടുന്നതായ്.
20
നിന്നില്‍ നില്‍ക്കുന്ന പുരുഷാ-
കൃതിയേതാണതാണു ഞാന്‍;
പ്രാണന്‍ പോമന്തരാത്മാവില്‍;
പിന്‍പു നീറാകുമീയുടല്‍.
21
ഓമെന്നു നീ സ്മരിക്കാത്മന്‍!
കൃതം സര്‍വ്വം സ്മരിക്കുക
അഗ്നേ! ഗതിക്കായ് വിടുക
സന്മാര്‍ഗ്ഗത്തൂടെ ഞങ്ങളെ.
22
ചെയ്യും കര്‍മ്മങ്ങളെല്ലാവു-
മറിഞ്ഞീടുന്ന ദേവ! നീ
വഞ്ചനം ചെയ്യുമേനസ്സു
ഞങ്ങളില്‍ നിന്നു മാറ്റുക.
അങ്ങേയ്ക്കു ഞങ്ങള്‍ ചെയ്യുന്നു
നമോവാകം മഹത്തരം.
ആത്മോപദേശശതകം
Posted by തത്തമ്മ Tuesday, October 24, 2006 at 10/24/2006 11:00:00 PM
ആധുനികകേരളത്തിന്റെ സാമൂഹ്യപരിണാമങ്ങളില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ് ശ്രീനാരായണഗുരുവിന്റേത്. അദ്ദേഹത്തിന്റെ കൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി “ആത്മോപദേശശതകം” പരിഗണിക്കപ്പെട്ടുവരുന്നു.
1
അറിവിലുമേറിയറിഞ്ഞീടുന്നവന്‍ തന്നു-
രുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി
ത്തെരുതെരെ വീണുവണങ്ങിയോതിടേണം.
2
കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേകജഗത്തുമോര്‍ക്കിലെല്ലാം
പരവെളിതന്നിലുയര്‍ന്ന ഭാനുമാന്‍ തന്‍
തിരുവുരുവാണു തിരഞ്ഞു തേറിടേണം.
3
വെളിയിലിരുന്നു വിവര്‍ത്തമിങ്ങു കാണും
വെളിമുതലായ വിഭൂതിയഞ്ചുമോര്‍ത്താല്‍
ജലനിധിതന്നിലുയര്‍ന്നിടും തരംഗാ-
വലിയതുപോലെയഭേദമായ് വരേണം.
4
അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്‍ ത-
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമര്‍ന്നതു മാത്രമായിടേണം.
5
ഉലകരുണര്‍ന്നുറങ്ങിയുണര്‍ന്നു ചിന്ത ചെയ്യും
പലതുമിതൊക്കെയുമുറ്റു പാര്‍ത്തുനില്‍ക്കും
വിലമതിയാത വിളക്കുദിക്കയും പിന്-
പൊലികയുമില്ലിതു കണ്ടു പോയിടേണം.
6
ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
ടണമശനം പുണരേണമെന്നിവണ്ണം
അണയുമനേകവികല്‍പ്പമാകയാലാ-
രുണരുവതുള്ളൊരു നിര്‍വ്വികാരരൂപം?
7
ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിനിന്നയോഗ്യനെന്നാല്‍
പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞു വാഴും
മുനിജനസേവയില്‍ മൂര്‍ത്തി നിര്‍ത്തിടേണം.
8
ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞു കീഴ്‌മറിക്കും
വെളിവുരുവേന്തിയകം വിളങ്ങീടേണം.
9
ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടിവന്നു പടര്‍ന്നുയര്‍ന്നു മേവും
തരുവിനടിക്കു തപസ്സുചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം.
10
“ഇരുളിലിരുപ്പവനാര്? ചൊല്‍ക നീ”യെ-
ന്നൊരുവനുരപ്പതു കേട്ടു താനുമേവം
അറിവതിനായവനോടു “നീയുമാരെ”-
ന്നരുളുമിതിന്‍ പ്രതിവാക്യമേകമാകും.
11
‘അഹമഹ’മെന്നരുളുന്നതൊക്കെയാരാ-
യുകിലകമേ പലതല്ലതേകമാകും;
അകലുമഹന്തയനേകമാകയാലീ
തുകയിലഹമ്പൊരുളും തുടര്‍ന്നിടുന്നു.
12
തൊലിയുമെലുമ്പുമലം ദുരന്തമന്തഃ-
കലകളുമേന്തുമഹന്തയൊന്നു കാണ്‍ക!
പൊലിയുമിതന്യ പൊലിഞ്ഞുപൂര്‍ണ്ണമാകും
വലിയൊരഹന്ത വരാ വരം തരേണം.
13
ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
ന്നകമലരിട്ടു വണങ്ങിയക്ഷമാറി
സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിന്‍
മഹിമയുമറ്റു മഹസ്സിലാണിടേണം.
14
ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കപടയതിയ്ക്കു കരസ്ഥമാകുവിലെ-
ന്നും ഉപനിഷദുക്തിരഹസ്യമോര്‍ത്തിടേണം.
15
പരയുടെ പാലുനുകര്‍ന്ന ഭാഗ്യവാന്മാര്‍-
ക്കൊരുപതിനായിരമാണ്ടൊരല്പനേരം;
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെ തോന്നും.
16
അധികവിശാലമരുപ്രദേശമൊന്നായ്-
നദിപെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളില്‍ വീണുതുറക്കുമക്ഷിയെന്നും
യതമിയലും യതിവര്യനായിടേണം.
17
അഴലെഴുമഞ്ചിതളാര്‍ന്നു രണ്ടു തട്ടായ്-
ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ
നിഴലുരുവായെരിയുന്നു നെയ്യതോ മുന്‍-
പഴകിയ വാസന, വര്‍ത്തി വൃത്തിയത്രേ
18
അഹമിരുളല്ലിരുളാകിലന്ധരായ് നാ-
മഹമഹമെന്നറിയാതിരുന്നിടേണം;
അറിവതിനാലഹമന്ധകാരമല്ലെ-
ന്നറിവതിനിങ്ങനെയാര്‍ക്കുമോതിടേണം.
19
അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ-
ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;
ജഡമിതു സര്‍വ്വമനിത്യമാം; ജലത്തിന്‍-
വടിവിനെ വിട്ടു തരംങ്ഗമന്യമാമോ?
20
ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-
ന്നുലകരുരപ്പതു സര്‍വ്വമൂഹഹീനം;
ജളനു വിലേശയമെന്നു തോന്നിയാലും
നലമിയലും മലര്‍മാല നാഗമാമോ?
21
പ്രിയമൊരു ജാതിയിതെന്‍ പ്രിയം, ത്വദീയ-
പ്രിയമപര പ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തന്‍-
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം.
22
പ്രിയമപരന്റെയതെന്‍പ്രിയം; സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ നല്‍കും
ക്രിയയപരപ്രിയഹേതുവായ് വരേണം.
23
അപരനുവേണ്ടിയഹര്‍ന്നിശം പ്രയത്നം
കൃപണത വിട്ടുകൃപാലു ചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകര്‍മ്മമവന്നു വേണ്ടി മാത്രം.
24
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.
25
ഒരുവനു നല്ലതുമന്യനല്ലലും ചേര്‍-
പ്പൊരുതൊഴിലാത്മവിരോധിയോര്‍ത്തിടേണം.
പരനു പരം പരിതാപമേകിടുന്നോ-
രെരിനരകാബ്ധിയില്‍ വീണെരിഞ്ഞിടുന്നു.
26
അവയവമൊക്കെയമര്‍ത്തിയാണിയായ് നി-
ന്നവയവിയാവിയെയാവരിച്ചിടുന്നു;
അവനിവനെന്നതിനാലവന്‍ നിനയ്ക്കു-
ന്നവശതയാമവിവേകമൊന്നിനാലെ.
27
ഇരുളിലിരുന്നറിയുന്നതാകുമാത്മാ-
വാണറിവതുതാനഥ നാമരൂപമായും
കരണമൊടിന്ദ്രിയകര്‍ത്തൃകര്‍മ്മമായും
വരുവതു കാണ്‍ക! മഹേന്ദ്രജാലമെല്ലാം.
28
അടിമുടിയറ്റടിതൊട്ടു മൌലിയന്തം
സ്ഫുടമറിയുന്നതു തുര്യബോധമാകും;
ജഡമറിവീലതു ചിന്ത ചെയ്തു ചൊല്ലു-
ന്നിടയിലിരുന്നറിവല്ലറിഞ്ഞിടേണം.
29
മനമലര്‍ കൊയ്തു മഹേശപൂജ ചെയ്യും
മനുജനുമറ്റൊരു വേല ചെയ്തിടേണ്ട;
വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ-
മനുവുരുവിട്ടുമിരിക്കില്‍ മായമാറും.
30
ജഡമറിവീലറിവിന്നു ചിന്തയില്ലോ-
തിടുകയുമില്ലറിവില്ലെന്നറിഞ്ഞു സര്‍വ്വം
വിടുകിലവന്‍ വിശദാന്തരംഗനായ് മേ-
ലുടലിലമര്‍ന്നുഴലുന്നതില്ല നൂനം.
31
അനുഭവമാദിയിലൊന്നിരിക്കിലില്ലാ-
തനുമിതിയില്ലിതു മുന്നമക്ഷിയാലേ
അനുഭവിയാതതുകൊണ്ടു ധര്‍മ്മിയുണ്ടെ-
ന്നനുമിതിയാലറിവീലറിഞ്ഞിടേണം
32
അറിവതു ധര്‍മ്മിയെയല്ല, ധര്‍മ്മമാമീ
യരുളിയ ധര്‍മ്മിയദൃശ്യമാകയാലേ
ധര മുതലായവയൊന്നുമില്ല താങ്ങു-
ന്നൊരു വടിവാമറിവുള്ളതോര്‍ത്തിടേണം.
33
അറിവു നിജസ്ഥിതിയിങ്ങറിഞ്ഞിടാനായ്-
ധര മുതലായ വിഭൂതിയായി താനേ
മറിയുമവസ്ഥയിലേറി മാറിവട്ടം-
തിരിയുമലാതസമം തിരിഞ്ഞിടുന്നു.
34
അരനൊടിയാദിയരാളിയാര്‍ന്നിടും തേ-
രുരുളതിലേറിയുരുണ്ടിടുന്നു ലോകം;
അറിവിലനാദിയതായ് നടന്നിടും തന്‍-
തിരുവിളയാടലിതെന്നറിഞ്ഞിടേണം.
35
ഒരു പതിനായിരമാദിതേയരൊന്നായ്
വരുവതുപോലെ വരും വിവേകവൃത്തി
അറിവിനെ മൂടുമനിത്യമായയാമീ-
യിരുളിനെയീര്‍ന്നെഴുമാദിസൂര്യനത്രേ.
36
അറിവിനു ശക്തിയനന്തമുണ്ടിതെല്ലാ-
മറുതിയിടാം സമയന്യയെന്നിവണ്ണം
ഇരുപിരിവായിതിലന്യസാമ്യമാര്‍ന്നു-
ള്ളുരുവിലമര്‍ന്നു തെളിഞ്ഞുണര്‍ന്നിടേണം.
37
വിഷമതയാര്‍ന്നെഴുമന്യ വെന്നുകൊള്‍വാന്‍
വിഷമമഖണ്ഡവിവേകശക്തിയെന്ന്യേ;
വിഷമയെ വെന്നതിനാല്‍ വിവേകമാകും
വിഷയവിരോധിനിയോടണഞ്ഞിടേണം.
38
പലവിധമായറിയുന്നതന്യയൊന്നായ്
വിലസുവതാം സമയെന്നു മേലിലോതും
നിലയെയറിഞ്ഞു നിവര്‍ന്നു സാമ്യമേലും
കലയിലലിഞ്ഞു കലര്‍ന്നിരുന്നിടേണം
39
അരുളിയ ശക്തികളെത്തുടര്‍ന്നു രണ്ടാം
പിരിവിവയില്‍ സമതന്‍വിശേഷമേകം;
വിരതി വരാ വിഷമാവിശേഷമൊന്നി-
ത്തരമിവ രണ്ടു തരത്തിലായിടുന്നു.
40
സമയിലുമന്യയിലും സദാപി വന്നി-
ങ്ങമരുവതുണ്ടതതിന്‍ വിശേഷശക്തി
അമിതയതാകിലുമാകെ രണ്ടിവറ്റിന്‍-
ഭ്രമകലയാലഖിലം പ്രമേയമാകും.
41
‘ഇതു കുട’മെന്നതിലാദ്യമാ ‘മിതെ’ന്നു-
ള്ളതു വിഷമാ ‘കുട’മോ വിശേഷമാകും;
മതി മുതലായ മഹേന്ദ്രജാലമുണ്ടാ-
വതിനിതുതാന്‍ കരുവെന്നു കണ്ടിടേണം.
42
‘ഇദമറി’ വെന്നതിലാദ്യമാ ‘മിതെ’ന്നു-
ള്ളതു സമ,തന്റെ വിശേഷമാണു ബോധം;
മതി മുതലായവയൊക്കെ മാറി മേല്‍ സദ്-
ഗതി വരുവാനിതിനെബ്‌ഭജിച്ചിടേണം.
43
പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം
സുകൃതികള്‍ പോലുമഹോ! ചുഴന്നിടുന്നു!
വികൃതി വിടുന്നതിനായി വേല ചെയ്‌വീ-
ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം.
44
പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമര്‍ന്നിടേണം.
45
ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
കരുവപരന്റെ കണക്കിനൂനമാകും;
ധരയിലിതിന്റെ രഹസ്യമൊന്നുതാനെ-
ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം.
46
പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതലൊടുങ്ങുവീല
പരമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.
47
ഒരു മതമാകുവതിന്നുരപ്പതെല്ലാ-
വരുമിതു വാദികളാരുമോര്‍ക്കുവീല;
പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
രറിയുമിതിന്റെ രഹസ്യമിങ്ങശേഷം.
48
തനുവിലമര്‍ന്ന ശരീരി, തന്റെ സത്താ-
തനുവിലതെന്റെതിതെന്റെതെന്നു സര്‍വ്വം
തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-
ലനുഭവശാലികളാമിതോര്‍ക്കിലാരും.
49
അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമര്‍ത്തിടേണം.
50
നിലമൊടു നീരതുപോലെ കാറ്റും തീയും
വെളിയുമഹംകൃതി വിദ്യയും മനസ്സും
അലകളുമാഴിയുമെന്നുവേണ്ടയെല്ലാ-
വുലകുമുയര്‍ന്നറിവായി മാറിടുന്നു.
51
അറിവിലിരുന്നൊരഹന്തയാദ്യമുണ്ടായ്-
വരുമിതിനോടൊരിദന്ത വാമയായും
വരുമിവ രണ്ടുലപങ്ങള്‍പോലെ മായാ-
മരമഖിലം മറയെപ്പടര്‍ന്നിടുന്നു.
52
ധ്വനിമയമായ്‌ഗ്ഗഗനം ജ്വലിക്കുമന്നാ-
ളണയുമതിങ്കലശേഷദൃശ്യജാലം;
പുനരവിടെ ത്രിപുടിക്കു പൂര്‍ത്തി നല്കും
സ്വനവുമടങ്ങുമിടം സ്വയം പ്രകാശം!
53
ഇതിലെഴുമാദിമശക്തിയിങ്ങു കാണു-
ന്നിതു സകലം പെറുമാദിബീജമാകും;
മതിയതിലാക്കി മറന്നിടാതെ മായാ-
മതിയറുവാന്‍ മനനം തുടര്‍ന്നിടേണം.
54
ഉണരുമവസ്ഥയുറക്കിലില്ലുറക്കം
പുനരുണരുമ്പോഴുതും സ്‌ഫുരിക്കുവീല;
അനുദിനമിങ്ങനെ രണ്ടുമാദിമായാ-
വനിതയില്‍നിന്നു പുറന്നു മാറിടുന്നു.
55
നെടിയ കിനാവിതു നിദ്രപോലെ നിത്യം
കെടുമിതുപോലെ കിനാവുമിപ്രകാരം
കെടുമതി കാണുകയില്ല,കേവലത്തില്‍
പ്പെടുവതിനാലനിശം ഭ്രമിച്ചിടുന്നു.
56
കടലിലെഴും തിരപോലെ കായമോരോ-
ന്നുടനുടനേറിയുയര്‍ന്നമര്‍ന്നിടുന്നു;
മുടിവിതിനെങ്ങിതു ഹന്ത! മൂലസംവിത്-
കടലിലജസ്രവുമുള്ള കര്‍മ്മമത്രേ!
57
അലയറുമാഴിയിലുണ്ടനന്തമായാ-
കലയിതു കല്യയനാദികാര്യമാകും
സലിലരസാദി ശരീരമേന്തി നാനാ-
വുലകുരുവായുരുവായി നിന്നിടുന്നു.
58
നവനവമിന്നലെയിന്നു നാളെ മറ്റേ-
ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ
അവിരതമെണ്ണിയളന്നിടുന്നതെല്ലാം
ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം.
59
അറിവിനെ വിട്ടഥ ഞാനുമില്ലയെന്നെ-
പ്പിരിയുകിലില്ലറിവും, പ്രകാശമാത്രം;
അറിവറിയുന്നവനെന്നു രണ്ടുമോര്‍ത്താ-
ലൊരു പൊരുളാമതിലില്ല വാദമേതും.
60
അറിവിനെയും മമതയ്‌ക്കധീനമാക്കി-
പ്പറയുമിതിന്‍ പരമാര്‍ത്ഥമോര്‍ത്തിടാതെ,
പറകിലുമപ്പരതത്ത്വമെന്നപോലീ-
യറിവറിയുന്നവനന്യമാകുവീല.
61
വെളിവിഷയം വിലസുന്നു വേറുവേറാ-
യളവിടുമിന്ദ്രിയമാര്‍ന്ന തന്റെ ധര്‍മ്മം
ജളതയതിങു ദിഗംബരാദി നാമാ-
വലിയൊടുയര്‍ന്നറിവായി മാറിടുന്നു.
62
പരവശനായ്പ്പരതത്ത്വമെന്റെതെന്നോര്‍-
ക്കരുതരുതെന്നു കഥിപ്പതൊന്നിനാലേ
വരുമറിവേതു വരാ കഥിപ്പതാലേ
പരമപദം പരിചിന്ത ചെയ്തിടേണം.
63
അറിവിലിരുന്നപരത്വമാര്‍ന്നിടാതീ-
യറിവിനെയിങ്ങറിയുന്നതെന്നിയേ താന്‍
പരവശനായറിവീല പണ്ഡിതന്‍ താന്‍-
പരമരഹസ്യമിതാരു പാര്‍ത്തിടുന്നു!
64
പ്രതിവിഷയം പ്രതിബന്ധമേറി മേവു-
ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;
അതിവിശദസ്മൃതിയാലതീതവിദ്യാ-
നിധി തെളിയുന്നിതിനില്ല നീതിഹാനി.
65
ഒരു കുറി നാമറിയാത്തതൊന്നുമിങ്ങി-
ല്ലുരുമറവാലറിവീലുണര്‍ന്നിതെല്ലാം
അറിവവരില്ലതിരറ്റതാകയാലീ-
യരുമയെയാരറിയുന്നഹോ വിചിത്രം!
66
ഇര മുതലായവയെന്നുമിപ്രകാരം
വരുമിനിയും;വരവറ്റുനില്‌പതേകം;
അറിവതു നാമതു തന്നെ മറ്റുമെല്ലാ-
വരുമതുതന്‍ വടിവാര്‍ന്നു നിന്നിടുന്നു.
67
ഗണനയില്‍നിന്നു കവിഞ്ഞതൊന്നു സാധാ-
രണമിവ രണ്ടുമൊഴിഞ്ഞൊരന്യരൂപം
നിനവിലുമില്ലതു നിദ്രയിങ്കലും മേ-
ലിനനഗരത്തിലുമെങ്ങുമില്ല നൂനം.
68
അരവവടാകൃതിപോലഹന്ത രണ്ടാ-
യറിവിലുമംഗിയാലും കടക്കയാലേ,
ഒരു കുറിയാര്യയിതിങ്ങനാര്യയാകു-
ന്നൊരുകുറിയെന്നുണരേണമോഹശാലി.
69
ശ്രുതിമുതലാം തുരഗം തൊടുത്തൊരാത്മ-
പ്രതിമയെഴും കരണപ്രവീണനാളും
രതിരഥമേറിയഹന്ത രമ്യരൂപം
പ്രതി പുറമേ പെരുമാറിടുന്നജസ്രം.
70
ഒരു രതിതന്നെയഹന്തയിന്ദ്രിയാന്തഃ
കരണകളേബരമൊന്നിതൊക്കെയായി
വിരിയുമിതിന്നു വിരാമമെങ്ങും, വേറാ-
മറിവവനെന്നറിവോളമോര്‍ത്തിടേണം
71
സവനമൊഴിഞ്ഞു സമത്വമാര്‍ന്നു നില്പീ-
ലവനിയിലാരുമനാദി ലീലയത്രേ;
അവിരളമാകുമിതാകവേയറിഞ്ഞാ-
ലവനതിരറ്റ സുഖം ഭവിച്ചിടുന്നു.
72
ക്രിയയൊരു കൂറിതവിദ്യ; കേവലം ചി-
ന്മയി മറുകൂറിതു വിദ്യ; മായയാലേ
നിയതമിതിങ്ങനെ നില്‍ക്കിലും പിരിഞ്ഞ-
ദ്ദ്വയപരഭാവന തുര്യമേകിടുന്നു
73
ഒരു പൊരുളിങ്കലനേകമുണ്ടനേകം
പൊരുളിലൊരര്‍ത്ഥവുമെന്ന ബുദ്ധിയാലേ
അറിവിലടങ്ങുമഭേദമായിതെല്ലാ-
വരുമറിവീലതിഗോപനീയമാകും.
74
പൊടിയൊരു ഭൂവിലസംഖ്യമപ്പൊടിക്കുള്‍-
പ്പെടുമൊരു ഭൂവിതിനില്ല ഭിന്നഭാവം;
ജഡമമരുന്നതുപോലെ ചിത്തിലും ചി-
ത്തുടലിലുമിങ്ങിതിനാലിതോര്‍ക്കിലേകം
75
പ്രകൃതി ജലം തനു ഫേനമാഴിയാത്മാ-
വഹമഹമെന്നലയുന്നതൂര്‍മ്മിജാലം
അകമലരാര്‍ന്നറിവൊക്കെ മുത്തുതാന്‍ താന്‍
നുകരുവതാമമൃതായതിങ്ങു നൂനം.
76
മണലളവറ്റു ചൊരിഞ്ഞ വാപിയിന്മേ-
ലണിയണിയായല വീശിടുന്ന വണ്ണം
അനൃതപരമ്പര വീശിയന്തരാത്മാ-
വിനെയകമേ ബഹുരൂപമാക്കിടുന്നു.
77
പരമൊരു വിണ്ണു, പരന്ന ശക്തി കാറ്റാ-
മറിവനലന്‍, ജല, മക്ഷ, മിന്ദ്രിയാര്‍ത്ഥം
ധരണി, യിതിങ്ങനെയഞ്ചു തത്വമായ് നി-
ന്നെരിയുമിതിന്റെ രഹസ്യമേകമാകും.
78
മരണവുമില്ല, പുറപ്പുമില്ല വാഴ്വും
നരസുരരാദിയുമില്ല നാമരൂപം,
മരുവിലമര്‍ന്ന മരീചിനീരുപോല്‍ നില്‍-
പൊരു പൊരുളാം പൊരുളല്ലിതോര്‍ത്തിടേണം
79
ജനിസമയം സ്ഥിതിയില്ല ജന്മിയന്യ-
ക്ഷണമതിലില്ലിതിരിപ്പതെപ്രകാരം?
ഹനനവുമിങ്ങനെ തന്നെയാകയാലേ
ജനനവുമില്ലിതു ചിത്പ്രഭാവമെല്ലാം
80
സ്ഥിതിഗതിപോലെ വിരോധിയായ സൃഷ്ടി-
സ്ഥിതിലയമെങ്ങൊരു ദിക്കിലൊത്തു വാഴും?
ഗതിയിവ മൂന്നിനുമെങ്ങുമില്ലിതോര്‍ത്താല്‍
ക്ഷിതി മുതലായവ ഗീരു മാത്രമാകും
81
പ്രകൃതി പിരിഞ്ഞൊരു കൂറു ഭോക്തൃരൂപം
സകലവുമായ് വെളിയേ സമുല്ലസിക്കും
ഇഹപരമാമൊരു കൂറിദന്തയാലേ
വികസിതമാമിതു ഭോഗ്യവിശ്വമാകും
82
അരണി കടഞ്ഞെഴുമഗ്നി പോലെയാരാ-
യ്‌വവരിലിരുന്നതിരറ്റെഴും വിവേകം
പരമചിദംബരമാര്‍ന്ന ഭാനുവായ് നി-
ന്നെരിയുമതിന്നിരയായിടുന്നു സര്‍വ്വം
83
ഉടയുമിരിക്കുമുദിക്കുമൊന്നു മാറി-
ത്തുടരുമിതിങ്ങുടലിന്‍ സ്വഭാവമാകും
മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ-
വിടരറുമൊന്നിതു നിര്‍വ്വികാരമാകും
84
അറിവതിനാലവനീവികാരമുണ്ടെ-
ന്നരുളുമിതോര്‍ക്കിലസത്യമുള്ളതുര്‍വ്വീഃ
നിരവധിയായ് നിലയറ്റു നില്‍പ്പതെല്ലാ-
മറിവിലെഴും പ്രകൃതിസ്വരൂപമാകും
85
നിഴലൊരു ബിംബമപേക്ഷിയാതെ നില്പീ-
ലെഴുമുലകെങ്ങുമബിംബമാകയാലേ
നിഴലുമതല്ലിതു നേരുമല്ല വിദ്വാ-
നെഴുതിയിടും ഫണിപോലെ കാണുമെല്ലാം.
86
തനു മുതലായതു സര്‍വ്വമൊന്നിലൊന്നി-
ല്ലനൃതവുമായതിനാലെയന്യഭാഗം
അനുദിനമസ്തമിയാതിരിക്കയാലേ
പുനരൃതരൂപവുമായ്പ്പൊലിഞ്ഞിടുന്നു.
87
തനിയെയിതൊക്കെയുമുണ്ടു തമ്മിലോരോ-
രിനമിതരങ്ങളിലില്ലയിപ്രകാരം
തനു, മുതലായതു സത്തുമല്ല, യോര്‍ത്താ-
ലനൃതവുമല്ലതവാച്യമായിടുന്നു.
88
സകലവുമുള്ളതുതന്നെ തത്വചിന്താ-
ഗ്രഹനിതു സര്‍വ്വവുമേകമായ് ഗ്രഹിക്കും;
അകമുഖമായറിയായ്കില്‍ മായയാം വന്‍-
പക പലതും ഭ്രമമേകിടുന്നു പാരം.
89
അറിവിലിരുന്ന സദസ്തിയെന്നസംഖ്യം
പൊരിയിളകിബ്ഭുവനം സ്ഫുരിക്കയാലേ
അറിവിനെ വിട്ടൊരു വസ്തുവന്യമില്ലെ-
ന്നറിയണമീയറിവൈകരൂപ്യമേകും.
90
അനൃതമൊരസ്തിതയേ മറയ്ക്കുകില്ലെ-
ന്നനുഭവമുണ്ടു സദസ്തിയെന്നിവണ്ണം
അനുപദമസ്തിതയാലിതാവൃതം സദ്-
ഘനമതിനാലേ കളേബരാദികാര്യം
91
പ്രിയവിഷയം പ്രതിചെയ്തിടും പ്രയത്നം
നിയതവുമങ്ങനെ തന്നെ നില്‍ക്കയാലേ
പ്രിയമജമവ്യയമപ്രമേയമേകാന്‍
ദ്വയമിതുതാന്‍ സുഖമാര്‍ന്നു നിന്നിടുന്നു
92
വ്യയമണയാതെ വെളിക്കു വേല ചെയ്യും
നിയമമിരിപ്പതു കൊണ്ടു നിത്യമാകും
പ്രിയമകമേ പിരിയാതെയുണ്ടിതിന്നീ
ക്രിയയൊരു കേവലബാഹ്യലിംഗമാകും
93
ചലമുടലറ്റ തനിക്കു തന്റെയാത്മാ-
വിലുമധികം പ്രിയവസ്തുവില്ലയന്യം;
വിലസിടുമാത്മഗതപ്രിയം വിടാതീ
നിലയിലിരിപ്പതുകൊണ്ടു നിത്യമാത്മാ.
94
ഉലകവുമുള്ളതുമായ്ക്കലര്‍ന്നു നില്‍ക്കും
നില വലുതായൊരു നീതികേടിതത്രേ
അറുതിയിടാനരുതാതവാങ്മനോഗോ-
ചരമിതിലെങ്ങു ചരിച്ചിടും പ്രമാണം.
95
വിപുലതയാര്‍ന്ന വിനോദവിദ്യ മായാ-
വ്യവഹിതയായ് വിലസുന്ന വിശ്വവീര്യം
ഇവളിവളിങ്ങവതീര്‍ണ്ണയായിടും, ത-
ന്നവയവമണ്ഡകടാഹകോടിയാകും.
96
അണുവുമഖണ്ഡവുമസ്തി നാസ്‌തിയെന്നി-
ങ്ങനെ വിലസുന്നിരുഭാഗമായി രണ്ടും;
അണയുമനന്തരമസ്‌തി നാസ്‌തിയെന്നീ-
യനുഭവവും നിലയറ്റു നിന്നുപോകും.
97
അണുവറിവിന്‍ മഹിമാവിലങ്ഗമില്ലാ-
തണയുമഖണ്ഡവുമന്നു പൂര്‍ണ്ണമാകും;
അനുഭവിയാതറിവീലഖണ്ഡമാം ചിദ്-
ഘനമിതു മൌനഘനാമൃതാബ്ധിയാകും.
98
ഇതുവരെ നാമൊരു വസ്തുവിങ്ങറിഞ്ഞീ-
ലതിസുഖമെന്നനിശം കഥിക്കയാലേ
മതി മുതലായവ മാറിയാലുമാത്മാ-
സ്വതയറിയാതറിവെന്നു ചൊല്ലിടേണം.
99
അറിവഹമെന്നതുരണ്ടുമേകമാമാ-
വരണമൊഴിഞ്ഞവനന്യനുണ്ടു വാദം,
അറിവിനെ വിട്ടഹമന്യമാകുമെന്നാ-
ലറിവിനെയിങ്ങറിയാനുമാരുമില്ല.
100
അതുമിതുമല്ല സദര്‍ത്ഥമല്ലഹം സ-
ച്ചിതമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സത്തോ-
മിതിമൃദുവായ് മൃദുവായമര്‍ന്നിടേണം!
-സമാപ്തം-
7 comments Labels: ആത്മോപദേശശതകം, ശ്രീനാരായണഗുരു
പൂച്ചേ, തത്തമ്മ, തത്തമ്മ!
Posted by തത്തമ്മ Monday, October 02, 2006 at 10/02/2006 03:35:00 PM
വിദ്യാരംഭമല്ലേ? ഇതിലും യോജിച്ച ഒരു ദിവസം വേറെ ഏതുണ്ട്?
അതുകൊണ്ട് ഇന്നുതന്നെ പൂച്ച കാണാതെ തത്തമ്മ ഒരു ബ്ലോഗു തുടങ്ങി.....
;)