ദൈവദശകം

1
ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളേ;
നാവികന്‍ നീ ഭവാബ്ധിക്കോ‌-
രാവിവന്‍തോണി നിന്‍പദം.

2
ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.
3
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.

4
ആഴിയും തിരയും കാറ്റും-
ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം.

5
നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി-
യ്ക്കുള്ള സാമഗ്രിയായതും

6
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെനീക്കി -
സ്സായൂജ്യം നല്‍കുമാര്യനും.

7
നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.

8
അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിയ്ക്കുക.

9
ജയിയ്ക്കുക മഹാദേവ,
ദീനവന പരായണാ,
ജയിയ്ക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിയ്ക്കുക.

10
ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.

(ഹ്രസ്വമെങ്കിലും അര്‍ത്ഥപുഷ്ടികൊണ്ട് വിശിഷ്ടമായ ഈ കൃതി ഡോ. പണിക്കര്‍ (ഇന്ത്യാഹെറിറ്റേജ്) കവിയരങ്ങില്‍ ശ്രദ്ധാപൂര്‍വ്വം പാരായണം ചെയ്തിരിക്കുന്നത് ഇവിടെ കേള്‍‍ക്കാം.

നമ്മുടെ കാലഘട്ടത്തിലെ സാധാരണ മലയാളം ഉപയോഗിക്കുന്ന ആളുകള്‍ക്ക് ഗുരുദേവന്റെ പല കൃതികളിലേയും ഭാഷാശൈലികളും പദപ്രയോഗവും ആശയക്കുഴപ്പം ഉണ്ടാക്കിയെന്നുവരാം. ഒറ്റനോട്ടത്തില്‍ വികലമെന്നു തോന്നാവുന്ന വരികള്‍ക്കിടയില്‍ പലപ്പോഴും നാം ഊഹിക്കാത്ത അര്‍ത്ഥങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ടാവാം. അതുകൊണ്ടു തന്നെ ലഭ്യമായ എല്ലാ പതിപ്പുകളും പരിശോധിച്ച് കൂടുതല്‍ മൌലികമാണെന്നു തോന്നുന്ന രൂപമാണ് തത്തമ്മ ഇവിടെ എഴുതിച്ചേര്‍ക്കുന്നത്. പ്രക്ഷിപ്തങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഇതുതന്നെയാണ് ശരിയായ രൂപമെന്ന് നിസ്സംശയം പറയാന്‍ തത്തമ്മയ്ക്കാവുന്നില്ല.

ദൈവദശകത്തിലെ ഒന്നാം ശ്ലോകത്തില്‍ “ഭവാബ്ധിയ്ക്കോ-രാവിവന്‍‍‌തോണി” എന്ന ഭാഗത്ത് “ആവി + വന്‍‌തോണി” എന്നാണോ അതോ അക്ഷരപ്പിശകില്ലാതെ “ആരിവന്‍? + തോണി” എന്നാണോ അതോ ഇനിയും മറ്റൊരു വിധത്തിലാണോ എന്ന് തത്തമ്മയ്ക്കും പൂര്‍ണ്ണനിശ്ചയമില്ല. അറിവുള്ളവര്‍ ആധികാരികമായ പ്രമാണങ്ങള്‍ ചൂണ്ടിക്കാണിച്ച് തിരുത്തിത്തന്നാല്‍ ഉപകാരം! -മേയ് 19, 2008)

8 comments:

  കാളിയമ്പി

Wednesday, December 06, 2006 6:06:00 PM

എന്റെ ഒരു കൂട്ടുകാരിയുടെ സ്കൂളില്‍ ഈ ഗാനം പ്രാര്‍ഥനാഗാനമായിരുന്നു.അതില്‍

“അന്നവസ്ത്രാദി മുട്ടാതെ തന്നുരക്ഷിച്ചു“

എന്നുള്ളത് അവര്‍ കുട്ടികള്‍(എല്‍ പീ സ്കൂളായിരുന്നു)

“അന്നവസ്ത്രാദി ‘മുട്ടായി‘ തന്നുരക്ഷിച്ചു“

എന്നാണത്രേ ഏറ്റുപാടിയിരുന്നത്..
ആ വരികളിലെ നിഷ്കളങ്കതയോര്‍ത്ത് പലപ്പോഴും വളരെ സന്തോഷം തോന്നിയിട്ടുണ്ട്

  Kalesh Kumar

Thursday, December 07, 2006 2:55:00 PM

തത്തമ്മേ,
നാരായണഗുരു എഴുതിയ ഈ വരികളുടെ അർത്ഥതലങ്ങൾ വളരെ ആഴമേറിയവയാണ് . പക്ഷേ, പുള്ളിക്കാരനത് എത്ര സിമ്പിളായി 10 ചെറു പദ്യങ്ങൾ കൊണ്ട് സാധാരണക്കാരനു വേണ്ടി എഴുതിയേക്കുന്നു!

ഇതെക്കുറിച്ച് കൂടുതൽ അറിവുള്ള ആരേലുമൊക്കെ എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു!

  കെവിൻ & സിജി

Saturday, June 02, 2007 11:03:00 PM

തത്തമ്മേ പൂച്ച പിടിച്ചോ?

  പാര്‍ത്ഥന്‍

Monday, May 12, 2008 12:42:00 PM

'ദൈവദശകം' പച്ച മലയാണമാണെങ്കിലും അതില്‍ എന്തോ ഒളിഞ്ഞിരിക്കുന്നുണ്ടെന്നു തോന്നി. വ്യാഖ്യാനം വാങ്ങി. ഉപനിഷദ്‌ സംഗ്രഹം ആണ്‌ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത ആനന്ദം ഉണ്ടായി. ഗുരുദേവന്റെ എല്ലാ കൃതികളും അങ്ങിനെയാണ്‌. വ്യാഖാനവും കൂടി അറിഞ്ഞിരിക്കണം. (ഓ.ടോ. daivadasakam.blogspot.com ഞാന്‍ favourites ഇട്ടിരുന്നു. ഇപ്പോള്‍ അത്‌ invite‌ ചെയ്തവര്‍ക്ക്‌ മാത്രമാക്കിയിരിക്കുകയാണ്‌. താങ്കള്‍ക്ക്‌ അറിയാമെങ്കില്‍ എന്നെക്കൂടി അതില്‍ ചേര്‍ക്കുവാന്‍ അഭ്യര്‍ത്ഥിക്കുക.)

  തറവാടി

Tuesday, May 13, 2008 5:41:00 PM

:)

  പാര്‍ത്ഥന്‍

Monday, May 19, 2008 9:03:00 PM

ഞാന്‍ വായിച്ച വ്യാഖ്യാനം ഇവിടെ കുറിക്കുന്നു. ഭവാബ്‌ധി = സംസാരസാഗരം, ആവിവന്‍തോണി = കപ്പല്‍.
(ദൈവമെ, ഈ ലോകത്തില്‍ കൈവെടിയാതെ ഞങ്ങളെ കാത്തുകൊള്ളുക. ഈ സംസാരസാഗരത്തിന്‌ അങ്ങ്‌ കപ്പിത്താനും അങ്ങയുടെ കാലടി (അരുളിയ മൊഴികള്‍) കപ്പലുമാണ്‌.

  തത്തമ്മ

Tuesday, May 20, 2008 7:46:00 AM

നന്ദി പാര്‍ത്ഥാ,

ഇങ്ങനെ തന്നെയാണ് തത്തമ്മയ്ക്കും തോന്നിയിട്ടുള്ളത്.

മേലിലും ഇവിടെ വന്ന് സഹായങ്ങള്‍ നല്‍കുമെന്നു പ്രത്യാശിയ്ക്കുന്നു.